സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കി. 30ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി അവധി അപേക്ഷ പരിഗണിക്കും.
കൂട്ടായ നേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാനത്തെ പദവിയില്‍ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യം ദേശീയ നേതൃത്വത്തെ ആര് അറിയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി ആശയക്കുഴപ്പത്തിലാണ്.
ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ഇതിനു മുന്‍കൈയെടുക്കേണ്ടതെങ്കിലും ആരും തയ്യാറല്ല. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് കാനം മാറണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ പ്രതീക്ഷ.
പ്രമേഹം മൂര്‍ച്ഛിച്ചതോടെ അടുത്തിടെ കാനത്തിന്റെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാനത്തിന് പകരം മറ്റൊരാള്‍ വേണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.
ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, കെ പ്രകാശ് ബാബു എന്നിവര്‍ വിഷയം നേതൃത്വത്തിന് മുന്നില്‍ ഉന്നയിക്കാന്‍ സാധ്യത ഇല്ല. പാര്‍ട്ടിയുടെ രാജ്യത്തെ പ്രധാന ഘടകത്തിന്റെ സെക്രട്ടറിയെ മാറ്റാന്‍ സ്വമേധയാ ഇടപെടാന്‍ ജനറല്‍ സെക്രട്ടറി ഡി രാജക്കും വിമുഖതയുണ്ട്. പ്രായ പരിധി മാനദണ്ഡത്തെ തുടര്‍ന്ന് നേതൃപദവികളില്‍ നിന്ന് ഒഴിഞ്ഞ കെ ഇ ഇസ്മയില്‍ അടക്കമുള്ളവര്‍ സെക്രട്ടറി മാറണമെന്ന നിലപാടിലാണ്. പകരം സെക്രട്ടറി ആരാകുമെന്ന ചോദ്യവും നേതൃത്വത്തെ കുഴക്കുന്നൂ. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍ പി പി സുനീര്‍ പ്രകാശ് ബാബു ബിനോയ് വിശ്വം എന്നിവരുടെ പേരുകളാണ് ഉയരുന്നത്.