യുഎന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നഗരമായി തിരുവനന്തപുരം

സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നഗരമായി തിരുവനന്തപുരം കോർപറേഷൻ. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ  പുരസ്‌കാരം ഏറ്റുവാങ്ങി. മൊറാക്കോയിലെ അ​ഗദീർ, മെക്സിക്കോയിലെ ഇസ്താപലപ്പ, ഓസ്ട്രേലിയയിലെ മെൽബൺ, ദോഹ എന്നിവയാണ്‌ തെരഞ്ഞെടുക്കപ്പെട്ട മറ്റ്‌ നഗരങ്ങൾ. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ്, യുഎൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ അനക്ലൗഡിയ റോസ്ബക്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി എന്നിവർ മുഖ്യാതിഥികളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിദഗ്ധർ അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ന​ഗരത്തിന്റെ സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിലെ നവീന സമീപനവും  കാലാവസ്ഥാ സൗഹൃദ പ്രവർത്തനങ്ങളിലെ യുവാക്കളുടെ പങ്കും പുരസ്‌കാരത്തിനായി പരിഗണിച്ചു. ഒപ്പം ഹരിത​ഗതാ​ഗതം, പുനരുപയോ​ഗ ഊർജം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, സുസ്ഥിര നഗരം, സോളാർ നഗരം തുടങ്ങിയ മേഖലകളിലെ മികവും പരിഗണിച്ചു.  17,000 കിലോവാട്ട് സോളാർ പാനൽ, 2000 സോളാർ തെരുവ് വിളക്ക്‌, പൊതുഗതാഗതത്തിന് 115 ഇലക്ട്രിക് ബസ്‌, 100 ഇലക്ട്രിക്കൽ ഓട്ടോ തുടങ്ങി നിരവധി പ്രവർത്തനമാണ്‌ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയത്‌.

2025 ജൂൺ‌ അഞ്ചിന് പ്രഖ്യാപിക്കാനൊരുങ്ങുന്ന കാലാവസ്ഥാ ബജറ്റും ഇതിന്‌ മുന്നോടിയായുള്ള പ്രവർത്തനവും പുരസ്‌കാരത്തിലേക്കെത്തിച്ചു. നഗരത്തിൽ നടത്തുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളടക്കമുള്ളവയ്‌ക്ക്‌ മുമ്പും അന്താരാഷ്‌ട്ര ദേശീയ പുരസ്‌കാരങ്ങൾ കോർപറേഷന്‌ ലഭിച്ചിരുന്നു.

Comments
Spread the News