കേന്ദ്രം കുത്തകകളുടെ ചൂഷണം 
പ്രോത്സാഹിപ്പിക്കുന്നു: ആനാവൂർ

കൂടുതൽ ലാഭത്തിനായി കൂടുതൽ ചൂഷണം എന്ന രീതിയാണ് കുത്തകകൾ പിന്തുടരുന്നതെന്നും അതിന് സഹായകരമായ നിയമ നിർമാണങ്ങളാണ് കേന്ദ്ര സർക്കാരിൽനിന്നും ഉണ്ടാകുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം അനാവൂർ നാഗപ്പൻ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വിളവിന്റെ വിജ്ഞാനം’   പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്ത് ഉൾപ്പെടെ വലിയ രീതിയിലുള്ള ചൂഷണത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ കർഷകരുടെ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
ഈ പ്രതിഷേധങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരിന് ചില തീരുമാനങ്ങളിൽനിന്നടക്കം പിന്നോട്ട്‌ പോകേണ്ടി വന്നു. ഇത്തരം സമരങ്ങൾ ഇന്ന് ആവശ്യമായി മാറി. ഇതോടൊപ്പം കാർഷിക ഉൽപ്പാദനം വർധിപ്പിക്കൽ തുടങ്ങി ഈ രംഗത്തെ ഇടപെടലുകളും സമരമാർഗമാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ, കർഷക തൊഴിലാളികൾ, കർഷക വിദഗ്ധർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. സംശയങ്ങളും ചോദ്യങ്ങളുമായി കർഷകർ പരിപാടിയിൽ മുഴുനീളം പങ്കെടുത്തു. തെങ്ങ് കൃഷിയിലെ പ്രശ്നങ്ങൾ, നെൽകൃഷി–-പച്ചക്കറി രംഗത്തെ വെല്ലുവിളികൾ, ചക്കയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ അടക്കമുള്ള നിരവധി ചോദ്യങ്ങൾക്ക്‌ പാനലിലെ വിദഗ്ധർ മറുപടി നൽകി.
കെ മുരളി അധ്യക്ഷനായി. പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, എം വി മൻമോഹൻ, എൻ ബിനുകുമാർ, പി ചന്ദ്രകുമാർ, ആർ പ്രദീപ്, കെ എം രാജീവ് തുടങ്ങിയവർ സംസാരിച്ചു. വി എസ് അജയകുമാർ സ്വാഗതവും രഞ്ജിത് കുമാർ നന്ദിയും പറഞ്ഞു.
ആധുനിക കൃഷി സമ്പ്രദായങ്ങളും വിളപരിപാലനവും എന്ന വിഷയത്തിൽ ഡോ. എ സജീന, ഡോ. അമ്പിളി പോൾ, ഒ എൻ ശ്രുതി, അജിത്ത് സിങ്‌ എന്നിവരും കാർഷിക ഉൽപ്പന്ന മൂല്യവർധന, വിപണനം, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കാർഷിക അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തിൽ ജോമി ജേക്കബ്, ഗീത ലക്ഷ്മി,  ഷിഫ്‌ന ഷാനവാസ് എന്നിവരും മൃഗസംരക്ഷണവും ക്ഷീര വികസനവും എന്ന വിഷയത്തിൽ റാണ രാജ്, എ എച്ച് ഷജിൻ, മധുസൂദനൻ, ഇ കെ ഈശ്വരൻ എന്നിവരും ഉൾനാടൻ മത്സ്യകൃഷി എന്ന വിഷയത്തിൽ സന്തോഷ്, ബെൻസൺ, അനിൽ രാജേന്ദ്രൻ എന്നിവരും സംസാരിച്ചു.
സമാപന യോഗം സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ് ഉദ്ഘാടനം ചെയ്തു.
Comments
Spread the News