‘ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല്‍ ആശങ്കയില്ല’; ചോദ്യം ചെയ്യലിനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരഞ്ഞെടുപ്പ് വ്യാജ രേഖ കേസില്‍ ഏത് ചോദ്യത്തിനും മറുപടി പറയാന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വിഷയത്തിലെ രാഷ്ട്രീയ അജണ്ടയെ രാഷ്ട്രീയമായി നേരിടും. ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല്‍ ആശങ്കയില്ലെന്നും രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് പ്രതികരണം. പ്രതിയായിട്ടല്ല, സാക്ഷിയായിട്ടാണ് താന്‍ എത്തിയതെന്നും രാഹുല്‍ പറഞ്ഞു.

ഇന്ന് രാവിലെ 10 ന് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഹാജരായത്. കേസില്‍ രാഹുലിന്റെ വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ കേസില്‍ നാലു പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. കേസിലെ രണ്ടു പ്രധാനപ്പെട്ട പ്രതികളെ രാഹുലിന്റെ കാറില്‍ നിന്നാണ് പിടികൂടിയത്.

Comments
Spread the News