ഞെട്ടിക്കുന്ന ഫീസുമായി കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ഉടൻ ആരംഭിക്കും

സ്വകാര്യ ഡ്രൈവിങ് സ്കൂളുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഫീസുമായി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ നാൽപ്പത് ശതമനം ഇളവ് വരുത്തിയാണ് കെഎസ്ആർടിസിയുടെ ഡ്രൈവിങ് ക്ലാസുകൾ. ഹെവി ഡ്രൈവിങ് പരിശീലനത്തിനും കാർ ഡ്രൈവിങ് പഠിക്കാനും 9,000 രൂപ മാത്രം നൽകിയാൽ മതി. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപ ഫീസ് ഈടാക്കുന്ന പ്രത്യേക പാക്കേജുമുണ്ട്.

ഇരുചക്രവാഹനങ്ങൾക്ക് 3,500 രൂപയാണ് ഫീസ്. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഡ്രൈവിങ് ക്ലാസുകൾ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ഡ്രൈവിങ് പരിശീല കേന്ദ്രവും ഒരുങ്ങുന്നുണ്ട്. ഈ പരിശീലനം നൽകിയ ശേഷമാകും വാഹനങ്ങളിൽ ഡ്രൈവിങ് പരിശീലനം നൽകുക.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കിയിരുന്നവരെയാണ് ഡ്രൈവിങ് സ്‌കൂളുകളിലും കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ളത്. ഹെവി ഡ്രൈവിങ് പരിശീലനത്തിന് സ്വകാര്യ സ്ഥാപനങ്ങൾ 15,000 രൂപയാണ് ഈടാക്കുന്നത്. കാർ ഡ്രൈവിങ്ങിന് 12,000 രൂപ മുതൽ 14,000 രുപവരെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങൾക്ക് 6,000 രൂപയാണ് ഫീസായി സ്വകാര്യസ്ഥാപനങ്ങൾ ഈടാക്കുന്നത്.

കെഎസ്ആർടിസിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കോളേജിൽ തീയറി ക്ലാസുകൾ നടക്കും. പുതിയ വാഹനങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. ഗീയര്‍ ഇല്ലാത്ത വിഭാഗത്തിലും പുതിയ മോഡല്‍ വാഹനമാണ് കെഎസ്ആർടിസി ഉപയോഗിക്കുക.

Comments
Spread the News