ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം പോയെന്ന് പറയുന്ന നിവേദ്യ ഉരുളി മോഷ്ടിച്ചതല്ലെന്നും പിടിയിലായ മൂവർ സംഘം നിരപരാധികളാണെന്നും പൊലീസ്. ഉരുളി ക്ഷേത്ര ജീവനക്കാർ നൽകിയതാണെന്ന് കേസിൽ പിടിയിലായ ഗണേശ് ത്സാ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ 13നായിരുന്നു ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയത്.
പൊലീസ് കരുതിയത് പോലെ കരുതിക്കൂട്ടി നടന്ന മോഷണമല്ല നടന്നത് . ക്ഷേത്ര ദർശനത്തിനായി ക്യൂവിൽ നിൽക്കുമ്പോൾ പൂജാ സാധനങ്ങൾ ഉൾപ്പെടെയുള്ള തട്ടു പ്രതിയുടെ കൈയ്യിൽ നിന്ന് തറയിൽ വീണു . ഇത് എടുത്ത് നൽകിയ ക്യൂവിൽ നിന്ന് മറ്റുള്ളവർ നിവേദ്യ ഉരുളിയിൽ വച്ചാണ് നൽകിയത് . ഇത് തിരികെ നൽകണമെന്ന് അറിയാതെ പ്രതി ഗണേഷ് വീട്ടിൽ കൊണ്ടു പോയി . ഇതിനാൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയത് . ഉരുളി സ്വന്തമല്ല എന്ന് ബോധ്യപ്പെട്ടിട്ടും തിരികെ ഏൽപിച്ചില്ല എന്ന കുറ്റമാണ് പ്രതിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത് . പ്രതി ഓസ്ട്രേലിയൻ പൗരൻ ആയതിനാൽ രാജ്യം വിടാതിരിക്കാൻ പാസ്പോർട്ട് സറണ്ടർ ചെയ്യിപ്പിച്ചു . അന്വേഷണം പൂർത്തിയാക്കിയ ശേഷമേ പാസ്പോർട്ട് കൈമാറുകയുള്ളു . കഴിഞ്ഞ 13 നാണ് സംഭവം ഉണ്ടായത്.
സംഭവത്തിൽ മോഷണം നടത്തിയെന്ന് പറയുന്ന മൂവർ സംഘത്തെ ഹരിയാനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലായിരുന്നു ഉരുളി മോഷണം പോയത്.