“അടുത്ത വർഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി നമുക്ക് മുഖ്യമന്ത്രിയോടൊപ്പം ഒരു സെൽഫിയെടുക്കാം’ – കേരളീയം ഉദ്‌ഘാടനവേദിയിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പറയുമ്പോൾ സദസിൽ ആരവമുയർന്നു. പിന്നെ വൈകിയില്ല, സമൂഹമാധ്യമങ്ങളിൽ തരംഗമായി ലാലിന്റെ “കേരളീയം സെൽഫി’. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ എടുത്ത ചിത്രമാണ് സിനിമാപ്രേമികൾക്ക് അപൂർവകാഴ്‌ചയൊരുക്കിയത്. മോഹൻലാൽ എടുത്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, റോഷി അഗസ്‌റ്റിൻ, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവരും അണിനിരന്നിട്ടുണ്ട്.
മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാം. കേരളീയത്തിന് ഈ നഗരം തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ കേരളീയം പരിപാടിയുെട പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ കേരളീയം പരിപാടിയുെട ബ്രാൻഡ് അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം സെൽഫിയും എടുത്തു.