കേരള മാതൃകയുടെ സമഗ്ര പ്രതിഫലനം : കേരളീയം

കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ആഘോഷമായ കേരളീയം നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത്.

കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം.സെമിനാറുകൾ, പ്രദർശനങ്ങൾ, കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷണ മേളകൾ തുടങ്ങിയവ 40-ലധികം വേദികളിലായി നടക്കും.

1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായത് മുതൽ 67 വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. കേരള മോഡൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്രതലങ്ങളിൽ വരെ ചർച്ചയായിട്ടുണ്ട്. ഏതൊരു വികസിത രാജ്യവും കൈവരിക്കുന്നതിന് സമാനമായ നേട്ടങ്ങളാണ് കേരളം അടിസ്ഥാന സൗകര്യ വികസനത്തിൽ നേടിയെടുത്തിട്ടുള്ളത്. സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള വേദിയാണ് കേരളീയം. ലോകം ചർച്ച ചെയ്ത കേരള മോഡൽ, കേരളത്തിന്റെ ഭാവി ആവശ്യങ്ങൾ, ഭാവി കേരളം എങ്ങനെ ആയിരിക്കണമെന്ന ആലോചനകൾ, കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയ ഭാവത്തോടും കൂടെ അവതരിപ്പിക്കൽ തുടങ്ങി വിവിധോദ്ദേശങ്ങളോടെയാണ് കേരളീയം വികസന-സാംസ്‌കാരിക-മഹോത്സവം സംഘടിപ്പിക്കുന്നത്.

കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയുംക്കുറിച്ചുള്ള സംവാദങ്ങളും, തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷിക-വ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങളും കേരളീയത്തിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്നതിനൊപ്പം ലോക വൈജ്ഞാനിക രംഗത്തു നിന്ന് പുതിയ ആശയങ്ങൾ സ്വാംശീകരിക്കാനും പരിപാടി സഹായിക്കും.

എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യ എഡിഷൻ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും.

സംഘാടക സമിതി

കേരളീയം പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിശാലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.

പരിപാടികൾ

സെമിനാറുകൾ

2023 നവംബർ 2 മുതൽ 6 വരെ, വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിപുലമായ സെമിനാറുകൾ നടക്കും. 5 ദിവസത്തെ പരിപാടിയിൽ ദേശീയവും അന്തർദേശീയവുമായ 200-ലധികം വിദഗ്ധരുടെ പങ്കാളിത്തത്തോടെ 25 സെമിനാറുകളാണ് നടക്കുക.

എക്സിബിഷനുകൾ

കേരളത്തിലെ വ്യാവസായിക വൈഭവത്തിന്റെയും, അത്യാധുനിക സാങ്കേതികവിദ്യ, സുസ്ഥിര സമ്പ്രദായങ്ങൾ, ക്രിയാത്മകമായ കണ്ടുപിടുത്തങ്ങൾ എന്നിവയുടെ കേന്ദ്രമായി മാറുന്നതിലേക്കുള്ള സംസ്ഥാനത്തിന്റെ വളർച്ചയെ ജനങ്ങളിലേക്ക് എത്തിക്കുന്നതും വ്യത്യസ്ത തീമുകളിലുള്ള ആധുനികവും സർഗാത്മവുമായ കേരളത്തിലെ പ്രശസ്തരായ വ്യക്തികളുടെ നേതൃത്വത്തിൽ നടത്തുന്ന എക്സിബിഷനുകളും കേരളീയത്തിന്റെ ഭാഗമാണ്. 22 ക്യൂറേറ്റഡ് എക്സിബിഷനുകളും 30 ൽ അധികം ഇൻസ്റ്റലേഷനുകളും കേരളീയത്തിലുണ്ടാകും.

ട്രേഡ് ഫെയർ

9 വേദികളിലായി 330-ലധികം സ്റ്റാളുകളുള്ള വിപുലമായ വ്യാപാരമേള കേരളീയത്തിന്റെ ഭാഗമാണ്. വ്യവസായ മേഖലയിലെ ഉപഭോക്താക്കൾ, പങ്കാളികൾ, വിതരണക്കാർ, നിക്ഷേപകർ എന്നിവരുടെ പരസ്പരമുള്ള സംവാദത്തിനും ചർച്ചകൾക്കും വഴിയൊരുക്കുക്കുന്നതാണ് വ്യാപാരമേളയുടെ പ്രധാന ലക്ഷ്യം. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (MSMEs) അവരുടെ ഏറ്റവും പുതിയ ഉത്പ്പന്നങ്ങളും നവീകരണങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. വിവിധ മേഖലകളിൽ നിന്നുള്ള 600-ലധികം സംരംഭകർ മേളയുടെ ഭാഗമാകും.

ചലച്ചിത്രോത്സവം

ജനപ്രിയ സിനിമകൾ, ക്ലാസിക്കൽ സിനിമകൾ, കുട്ടികളുടെ സിനിമകൾ, സ്ത്രീകളുടെ സിനിമകൾ എന്നീ വിഭാഗങ്ങളിലായി 140-ലധികം സിനിമകൾ കൈരളി, നിള, ശ്രീ, കലാഭവൻ എന്നീ തീയേറ്ററുകളിലായി പ്രദർശിപ്പിക്കും. പഴയകാല സിനിമകൾ തീയേറ്ററിൽ കാണാൻ പുതു തലമുറയ്ക്കുള്ള വലിയ അവസരമാകും ഇത്.

ഫുഡ് ഫെസ്റ്റിവൽ

150 സംരംഭകരുടെ പങ്കാളിത്തത്തോടെ 11 വ്യത്യസ്ത ഭക്ഷ്യമേളകളും പാചക മത്സരങ്ങൾ ഉൾപ്പടെയുള്ള 8 പ്രത്യേക പരിപാടികളും നടക്കും. കേരളത്തിന്റെ പ്രാദേശിക, വൈവിധ്യ ഭക്ഷണങ്ങളെ ബ്രാൻഡ് ചെയ്യുന്നതടക്കുമുള്ള നടപടികൾ ഇതിന്റെ ഭാഗമാകും.

പുഷ്പ മേള

6 വ്യത്യസ്ത ഫ്‌ളവർ ഷോകൾ, പൂക്കൾ കൊണ്ടുള്ള 66 ഇൻസ്റ്റലേഷനുകൾ തുടങ്ങിയ നയനാനന്ദകരമായ അനുഭവം പുഷ്പമേള സമ്മാനിക്കും.

കൾച്ചറൽ ഫെസ്റ്റ്

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പരിപാടികളാണ് കൾച്ചറൽ ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുക. 3000-ലധികം കലാകാർ അവതരിപ്പിക്കുന്ന 400-ലധികം വൈവിധ്യങ്ങളാർന്ന പരിപാടികൾ 28 വേദികളിലായി നടക്കും.

ലൈറ്റ് ഷോ

കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള തിരുവനന്തപുരം നഗരം വൈദ്യുതാലങ്കാരങ്ങൾ കൊണ്ട് ആകർഷകമാകും.

ബി 2 ബി

സംരംഭകരും വ്യാവസായിക രംഗത്തെ പ്രഗത്ഭരും തമ്മിലുള്ള ചർച്ചകളും ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും പുതിയ അവസരങ്ങളും ബി 2 ബി-യിൽ നടക്കും.

B2B മീറ്റ് സെഗ്‌മെന്റിൽ കേന്ദ്രീകൃത ചർച്ചകളിലും നെറ്റ്‌വർക്കിംഗിലും ഏർപ്പെടാനുള്ള അവസരം ലഭിക്കും. വ്യവസായ മേഖലയിലെ സംരംഭങ്ങൾക്കായുള്ള B2B മീറ്റിംഗുകളും മേഖലകളിലുള്ളവർക്കുള്ള സമർപ്പിത മീറ്റിംഗുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും 200 പേർ വീതം പങ്കെടുക്കും.

വേദികൾ

കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള 40 വേദികളിലായി വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും.

Comments
Spread the News