ചന്ദ്രയാൻ-3യുടെ വിജയം; സെന്റം ഇലക്‌ട്രോണിക്‌സ് ഓഹരി വില 10% ഉയർന്നു

ചന്ദ്രയാൻ -3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിനെ തുടർന്ന് ഓഗസ്റ്റ് 24 ന് രാവിലെ സെന്റം ഇലക്ട്രോണിക്സ് ഓഹരി വില ഏകദേശം 9 ശതമാനം ഉയർന്നു. ചാന്ദ്ര ദൗത്യത്തിലെ ഇലക്ട്രോണിക്‌സുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ പ്രധാന വ്യാവസായിക പങ്കാളിയായിരുന്നു സെന്റം. ബഹിരാകാശ പേടകത്തിന് ആവശ്യമായ നിർണായക മൊഡ്യൂളുകളും സിസ്റ്റങ്ങളും വിതരണം ചെയ്തത് സെന്റം ഇലക്ട്രോണിക്സ് ആണ്.

ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതോടെ അമേരിക്ക, ചൈന, മുൻ സോവിയറ്റ് യൂണിയൻ എന്നിവയ്ക്ക് ശേഷം
ചന്ദ്രനിലിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രനിൽ ആരും തിരഞ്ഞെടുക്കാത്ത ദക്ഷിണധ്രുവത്തിലാണ് ഇന്ത്യ പേടകമിറക്കിയത്. ഇതോടെ ഇവിടെ എത്തുന്ന ആദ്യ രാജ്യം പേരും ഇന്ത്യയ്ക്ക് നേടാനായി.

സെന്റം ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ ഒന്നാം പാദ സാമ്പത്തികഫലം ഓഗസ്റ്റ് 11ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം വർധിച്ചു. ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസ് (ഇഎംഎസ്) ബിസിനസ് വർധിച്ചതാണ് ഇതിന് കാരണം.

സെന്റം ഇലക്‌ട്രോൺ ഓഹരികൾ കഴിഞ്ഞ ആറ് മാസത്തിനിടെ 189.03 ശതമാനവും കഴിഞ്ഞ 12 മാസത്തിനിടെ 273.51 ശതമാനവും വർധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ നിഫ്റ്റി50 സൂചികയിൽ 11.33 ശതമാനം നേട്ടമാണ് ഓഹരി കൈവരിച്ചത്.

ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തിൽ പ്രധാന പങ്കുവഹിച്ച കമ്പനിയുടെ ഓഹരികൾ വ്യാഴാഴ്ച 12 ശതമാനം വരെ ഉയർന്നു. നിലവിലേത് ഹ്രസ്വകാല നേട്ടമാണെങ്കിലും ചന്ദ്രയാൻ -3 ഇത്തരം ഇന്ത്യൻ കമ്പനികൾക്ക് ആഗോള വിപണി തുറന്നു നൽകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ചില സ്പേസ് ഓഹരികൾ ഇപ്പോഴും അത്ര ചെലവേറിയതല്ലെന്നും വിദഗ്ധർ പറയുന്നു.

Comments
Spread the News