ഭരണമികവിന്റെ നേർക്കാഴ്‌ച; തോരാതെ പെയ്‌തിട്ടും മുങ്ങാതെ തിരുവനന്തപുരം നഗരം

തിരുവനന്തപുരം: തോരാതെ മഴ പെയ്‌തിട്ടും നഗരത്തിൽ വെള്ളക്കെട്ടുണ്ടാകാതിരുന്നതിന്‌ പിന്നിൽ സർക്കാരിന്റെയും തിരുവനന്തപുരം കോർപറേഷ​ന്റെയും മികവ്‌. സർക്കാർ പിന്തുണയിൽ കോർപറേഷൻ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ്‌ തമ്പാനൂരിലും കിഴക്കേകോട്ടയിലും ഉൾപ്പെടെ വെള്ളക്കെട്ട്‌ ഒഴിവാക്കിയത്‌.

കൃത്യമായ മുന്നൊരുക്കം മഴ തുടങ്ങുംമുമ്പേ കോർപറേഷൻ നടത്തിയിരുന്നു. മേയറുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന്‌ പ്രവൃത്തികൾ വിലയിരുത്തുകയും ഊർജിതമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്‌തു. ഓരോ വാർഡിനും ഒന്നര ലക്ഷം രൂപ അനുവദിച്ചു. 919 ഓട വൃത്തിയാക്കി. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം അടിഞ്ഞ്‌ ഒഴുക്ക്‌ തടസ്സപ്പെടുന്നതാണ്‌ വെള്ളക്കെട്ടി​ന്റെ പ്രധാന കാരണം. ഇതിനിടയാക്കിയതാകട്ടെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്ത്‌ മണ്ണടിഞ്ഞ്‌ ഒഴുക്ക്‌ നിലച്ചതും. റെയിൽവേയുടെ അനാസ്ഥയാണെന്നറിഞ്ഞിട്ടും ചിലർ രാഷ്ട്രീയ നേട്ടത്തിനായി കോർപറേഷൻ ഭരണസമിതിക്ക്‌ എതിരെ പ്രചാരണങ്ങളുമായി രംഗത്തിറങ്ങി. എന്നാൽ, കോർപറേഷനാകട്ടെ യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ്‌ നീക്കൽ സ്വന്തം നിലയിൽ ആരംഭിച്ചു. ഓരോ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക്‌ പ്രത്യേകം ചുമതലയും നൽകി.

പിന്നാലെ നഗരത്തിലെ വെള്ളക്കെട്ടിന്‌ ശാശ്വത പരിഹാരം കാണാൻ സർക്കാരിനെ സമീപിക്കുകയും ചെയ്‌തു. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, മുഹമ്മദ്‌ റിയാസ്‌, ആന്റണി രാജു എന്നിവർ വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്‌ എന്നിവർ പൂർണ പിന്തുണയേകി. ആമയിഴഞ്ചാൻ തോടുൾപ്പെടെ വൃത്തിയാക്കാനുള്ള പദ്ധതി റോഷി അഗസ്‌റ്റിൻ പ്രഖ്യാപിച്ചു. ആമയിഴഞ്ചാൻ തോടിന്റെ നവീകരണത്തിനും ശുദ്ധീകരണത്തിനും 25 കോടി രൂപയുടെ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. പ്രവൃത്തികളും തുടങ്ങി.

പുത്തരിക്കണ്ടം മൈതാനത്തിന്‌ സമീപത്തെ തോടിലെ ചെളിയും മാലിന്യങ്ങളും നീക്കിയത് ചാല, കിഴക്കേകോട്ട എന്നിവിടങ്ങളിലെ വെള്ളക്കെട്ട്‌ ഒഴിവാക്കി. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം ആഴ്‌ചതോറും നീക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്താൻ ഒരുങ്ങുകയാണ്‌ കോർപറേഷൻ. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗം വെള്ളക്കെട്ട്‌ ഒഴിവാക്കിയതിന്‌ കോർപറേഷനെ അഭിനന്ദിച്ചിരുന്നു.

Comments
Spread the News