നവകേരള സദസ്സ് റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങളുടെ കാഴ്ച ശരിയല്ലെന്ന് യു എൻ ദുരന്ത നിവരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. നവകേരള സദസ്സ് തുടങ്ങിയതിന്ശേഷം മാധ്യമങ്ങളിൽ നിറയുന്നത് വണ്ടി ചെളിയിൽ പൂണ്ടു, ചില്ലുമാറ്റി എന്നിങ്ങനെയുള്ള നെഗറ്റീവ് വാർത്തകളാണ്. എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി വിശദമായി സംസാരിക്കുന്നുണ്ട്. മൂന്ന് മന്ത്രിമാർ വീതം ഓരോ കേന്ദ്രങ്ങളിലും സംസാരിക്കുന്നു. അതൊന്നും മാധ്യമങ്ങൾ കാണുന്നില്ല. നെറ്റിപ്പട്ടവും കെട്ടി, ചെവിയും ആട്ടി ഗംഭീരഭാവത്തോടെ ഒരു ആന നടന്നുപോകുമ്പോൾ സ്ഥിരമായി ആനപിണ്ഡത്തിലേക്ക് കാമറയും വച്ചിരിക്കുകയാണ് മാധ്യമങ്ങൾ . ഇത്തരത്തിലുള്ള മാധ്യമ പ്രവർത്തനത്തിന്റെ ഭാവിമാത്രമല്ല വർത്തമാനവും അത്ര ശുഭകരമല്ലെന്നും മുരളി തുമ്മാരുകുടി പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് ചുവടെ
കാഴ്ച ശരിയല്ല: നവകേരളത്തിൽ മാധ്യമങ്ങൾ കാണുന്നത്
നവകേരള യാത്രയും നവകേരള സദസ്സും തുടങ്ങിയതിൽ പിന്നെ എല്ലാ ദിവസ്സവും അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഞാൻ പറഞ്ഞല്ലോ.
പത്ര മാധ്യമങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പൊതുവെ നെഗറ്റീവ് കവറേജ് ആണ് കാണുന്നത്. വണ്ടി ചെളിയിൽ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസൽ അടിക്കുന്നതും ടയർ മാറ്റുന്നതും കൂടി മാത്രമേ വരാനുള്ളു.ടെലിവിഷൻ ചർച്ചകൾ ഞാൻ പണ്ടേ ശ്രദ്ധിക്കാറില്ല. അവിടെയും കാര്യങ്ങൾ വ്യത്യസ്തമാകാൻ വഴിയില്ല.പക്ഷെ സാമൂഹ്യ മാധ്യമങ്ങൾ ഉള്ളത് കൊണ്ട് കാര്യങ്ങൾ ഇടനിലക്കാരില്ലാതെ നമുക്ക് നേരിട്ട് കാണാമല്ലോ. വളരെ കൃത്യമായ പ്ലാനിങ്ങോടെ ആണ് യാത്ര പുരോഗമിക്കുന്നത്. ഓരോ മീറ്റിംഗിലും മൂന്നു മന്ത്രിമാർ സംസാരിക്കുന്നു, വികസന നേട്ടങ്ങൾ പറയുന്നു. മുഖ്യമന്ത്രി തന്നെയാണ് പ്രധാന താരം. അദ്ദേഹം പതിവ് പോലെ കാര്യങ്ങൾ കൃത്യമായി പറയുന്നു.
എല്ലായിടത്തും ജനങ്ങൾ ഏറെ ഉണ്ട്. അതൊരു അതിശയമല്ല. കേരളത്തിൽ ഏതൊരു സ്ഥലത്തും വൻ ജനപങ്കാളിത്തമുള്ള യോഗങ്ങൾ സംഘടിപ്പിക്കാൻ സി പി എമ്മിന് സാധിക്കും. പക്ഷെ അത് മാത്രമല്ല. നമ്മുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിസഭ മുഴുവൻ ഒരുമിച്ച് നാട്ടിലേക്കിറങ്ങുന്നത്. ഭരണപക്ഷം അല്ലെങ്കിലും രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും അതിലൊക്കെ സാധാരണ ആളുകൾക്ക് താല്പര്യം ഉണ്ടാകുമല്ലോ.
തൊള്ളായിരത്തി എഴുപത്തി മുന്നിലാണെന്ന് തോന്നുന്നു ലക്ഷം വീട് പദ്ധതി ഉൽഘാടനം ചെയ്യാൻ ശ്രീമതി ഇന്ദിരാഗാന്ധി കൊലെഞ്ചേരിയിലേക്ക് വെങ്ങോല വഴി പോയത്. അന്ന് അവധി കിട്ടിയതാണോ അവധി ദിനമാണോ എന്നോർമ്മയില്ല. ഞങ്ങൾ വിദ്യാർഥികൾ ഉൾപ്പടെ ജനങ്ങൾ മുഴുവൻ പി പി റോഡിന്റെ ഇരു വശത്തും ഉണ്ടായിരുന്നു. അതിൽ രാഷ്ട്രീയം ഒന്നുമില്ല. അന്ന് ഈ പത്രങ്ങൾ ഒക്കെ അന്നും ഉണ്ടായിരുന്നു, പക്ഷെ ഇപ്പോൾ പറയുന്ന “പൊരി വെയിൽ” ഒന്നും പത്രങ്ങളിൽ കണ്ടതായി ഓർമ്മയുമില്ല. കാലാവസ്ഥ വ്യതിയാനം ആയിരിക്കണം.
വിവിധ സ്ഥലങ്ങളിൽ ആയി ശ്രീമതി വീണ ജോർജ്ജ്, ശ്രീ പി രാജീവ്, ശ്രീ എം ബി രാജേഷ് ശ്രീ മുഹമ്മദ്ഇ റിയാസ് ഇവരുടെ ഒക്കെ പ്രസംഗം ഞാൻ മുഴുവൻ കേട്ടിരുന്നു. എല്ലാവരും നന്നായി സംസാരിക്കുന്നവരാണ്, അവരുടെ വകുപ്പിലെ കാര്യങ്ങൾ നന്നായി പഠിച്ചിട്ടുള്ളവരാണ്, രാഷ്ട്രീയത്തെ പറ്റി കൃത്യമായ കാഴ്ചപ്പാടുകൾ ഉള്ളവരാണ്. അവരുടെ പ്രസംഗങ്ങൾ നമ്മുടെ അടുത്ത തലമുറ നേതൃത്വത്തെ പറ്റി ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്.
ആത്മവിശ്വാസം കിട്ടാത്തത് നമ്മുടെ അടുത്ത തലമുറ മാധ്യമങ്ങളെ പറ്റിയാണ്. പൊതുവെ കൂടുതൽ യുവാക്കൾ ഉള്ള മേഖലയാണ് മാധ്യമങ്ങൾ. എന്നിട്ടും എന്തുകൊണ്ടാണ് ഇവരൊക്കെ മൊത്തം നെഗറ്റിവിറ്റിയുടെ പുറകേ പോകുന്നത്?. നെറ്റിപ്പട്ടവും കെട്ടി, ചെവിയും ആട്ടി ഗംഭീരഭാവത്തോടെ ഒരു ആന നടന്നുപോകുമ്പോൾ സ്ഥിരമായി ആനപിണ്ഡത്തിലേക്ക് കാമറയും വച്ചിരിക്കുന്നവരുടെ കാലിനടിയിൽ നിന്നും മണ്ണ് ഊർന്നു പോകുന്നത് അവർ കാണുന്നില്ലേ?
എൻ്റെ അടുത്ത് കരിയർ കൗണ്സലിങ്ങിനായി വരുന്നവരോട് ഞാൻ ജേർണലിസം ഒരു തൊഴിലായി എടുക്കുന്നതിനെ ഏറെ നിരുത്സാഹപ്പെടുത്താറുണ്ട്. കാരണം സാമൂഹ്യമാധ്യമങ്ങളുടെയും നിർമ്മിത ബുദ്ധിയുടെയും കാലത്ത് ജേർണലിസത്തിന് ഒരു നല്ല ഭാവി ഞാൻ കാണുന്നില്ല. ഇത്തരത്തിലുള്ള മാധ്യമ പ്രവർത്തനം കാണുമ്പോൾ അത് ഭാവിയല്ല വർത്തമാനം ആണെന്ന് തോന്നുന്നു.
മുരളി തുമ്മാരുകുടി