ശബരിമല തീർത്ഥടനത്തിൽ മുൻകാലങ്ങളിൽ ഇത്തവണത്തേതിനേക്കാൾ വലിയ തിരക്കും സൗകര്യങ്ങളുടെ അഭാവവുമുണ്ടായിരുന്നു എന്നതിന് തെളിവായി യുഡിഎഫ് പത്രമായ മലയാള മനോരമയുടെ പഴയ വാർത്തകൾ. ദേവസ്വം വകുപ്പും സർക്കാർ സംവിധാനങ്ങളാകെയും കുത്തഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഭക്തർ കുഴഞ്ഞുവീണതും തിക്കിലും തിരക്കിലും നിരവധിപേർക്ക് പരിക്കേറ്റതും അസൗകര്യങ്ങൾ നേരിട്ടതും മനോരമയ്‌ക്കും മാതൃഭൂമിക്കുപോലും വാർത്തചെയ്യേണ്ടി വന്നിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വി എസ് ശിവകുമാർ ദേവസ്വം മന്ത്രിയുമായിരുന്ന 2015ലാണ് ശബരിമലയിൽ തീർത്ഥാടകർ ഏറ്റവും ദുരിതം നേരിട്ടത്.
“അയ്യപ്പനെ കാണാൻ പരമ്പരാഗത കാനന പാതകൾ ഉപയോഗിക്കുന്ന ഭക്തരെ സർക്കാരും ദേവസ്വവും അവഗണിക്കുന്നതായി പരാതി’ എന്ന് 2014 ൽ വാർത്ത നൽകിയത് ബിജെപി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ് ന്യൂസാണ്. ഇത്തരം സാഹചര്യങ്ങൾ മുൻപും ഉണ്ടായിരുന്നു എന്നത് മറച്ചവച്ചാണ് ആദ്യത്തെ സംഭവംപോലെ മാധ്യമങ്ങൾ ശബരിമലയിലെ തിരക്ക് അവതരിപ്പിക്കുന്നത്.
ശബരിമല സന്നിധാനത്ത് ചിലർ തമ്പടിച്ച് കൃത്രിമ തിരക്കുണ്ടാക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക ലോബിയുണ്ടോയെന്ന് സംശയമുണ്ടെന്നും മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞു. തിരക്കാണെന്ന് വാർത്തയുണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. തിരക്ക് ഇപ്പോൾ മാത്രമല്ല; മുമ്പും ഉണ്ടായിട്ടുണ്ട്. 2015 – 16 ൽ ഇതിലും വലിയ തിരക്കായിരുന്നു. ശബരിമലയിൽ തിരക്കാണെന്നു വരുത്തിത്തീർത്തു സർക്കാരിനെ കരിവാരിതേക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ തിരക്കുള്ളതായി കാണിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുകയും അവസ്ഥ മോശമാക്കാൻ ഇനിയും തിരക്കുണ്ടാക്കുകയും ചെയ്യുകയാണ് ചിലർ – ശങ്കരൻ നമ്പൂതിരി പറഞ്ഞു.
തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. എരുമേലി, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിലവിലെ ക്രമീകരണങ്ങൾ വിലയിരുത്തി നിലയ്‌ക്കലിലും പമ്പയിലും ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരും ദേവസ്വം ബോർഡും ശ്രദ്ധിക്കുന്നുണ്ട്. ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഉന്നത പൊലീസ് ഉദ്യേഗസ്ഥർ അടക്കം എല്ലാവരും ശബരിമലയിൽ ക്യാമ്പ് ചെയ്യുന്നു.
തിരക്ക് വർധിച്ച സാഹചര്യത്തിൽ വെർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിങിലും അനുവദിക്കുന്ന തീർഥാടകരുടെ എണ്ണം കുറച്ച് ദർശനസമയം ഒരു മണിക്കൂർ കൂടി കൂട്ടി. കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം 30 ശതമാനം വർധിച്ചത് പതിനെട്ടാംപടി കയറുന്നതിൽ താമസം ഉണ്ടാക്കി. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ കെഎസ്‌ആർടിസി ബസുകൾ ഇത്തവണയുണ്ട്. പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യാന്‍ നിലയ്‌ക്കലിൽ സൗകര്യം ഉണ്ട്. എല്ലാ സ്ഥലത്തും ശൗചാലയം, കുടിവെള്ള ലഭ്യത, ലഘു ഭക്ഷണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
പരാതികളിൽ ദേവസ്വം ബോർഡും മറ്റ് വകുപ്പുകളും മികച്ച ഇടപെടലാണ് നടത്തുന്നത്. എന്നാൽ ഒരുകാലത്തും ഉണ്ടാകാത്ത രീതിയിലുള്ള വിമർശനങ്ങളാണ് ഈ തീർഥാടന കാലത്ത് പ്രചരിപ്പിക്കുന്നത്. പരമാവധി സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാതെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ പെരിപ്പിച്ചു കാട്ടി ശബരിമലയെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥിതിയിൽ നിന്ന് പിന്തിരിയണം. ശബരിമലയെ മഹത്തായ കേന്ദ്രമായി കണ്ട് മികച്ച തീർഥാടന കാലം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നിലയ്‌ക്കലിൽ നിന്നും കെഎസ്ആർടിസി ബസിൽ അയ്യപ്പന്മാർക്കൊപ്പമാണ് മന്ത്രി പമ്പയിൽ എത്തിയത്.