തോൽവി FC: കുടുംബം, ബന്ധങ്ങൾ, കാലം

നമ്മുടെ കുടുംബങ്ങളിൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ട്‌. നാം വാഴ്‌ത്തിപ്പാടുന്ന ‘മഹത്തായ കുടുംബം’ അഥവാ ‘വിശുദ്ധകുടുംബം’ തകർച്ചയുടെ വക്കിലാണ്‌  . താളംതെറ്റിയ കുടുംബബന്ധങ്ങളെ മുൻനിർത്തിയുള്ള സിനിമകൾ ഇപ്പോൾ ധാരാളം വരുന്നുണ്ട്‌. കുടുംബബന്ധങ്ങളെ മുൻനിർത്തിയുള്ള സിനിമകളായിരുന്നു അരനൂറ്റാണ്ടോളം കാലം അരങ്ങുവാണിരുന്നത്‌. കുടുംബമെന്ന സ്ഥാപനത്തിന്റെ മഹത്വവും കുടുംബത്തിനായി വ്യക്തി നടത്തുന്ന ത്യാഗവും വാഴ്‌ത്തപ്പെട്ടു.

കാലം ഒന്നിനെയും ബാക്കിവയ്‌ക്കില്ല. മാറിവരുന്ന തൊഴിലും തൊഴിലുപകരണങ്ങളും ഉൽപാദനബന്ധങ്ങളും എല്ലാത്തിനെയും കീഴ്‌മേൽ മറിക്കും. വ്യക്തിയുടെ സ്വതന്ത്രവികാസത്തിന്‌ കുടുംബബന്ധങ്ങൾ തടസ്സമായി മാറുന്ന ഘട്ടത്തിൽ മനുഷ്യർ കുടുംബബന്ധങ്ങളെയും പൊട്ടിച്ചെറിയും.

മനുഷ്യരുള്ളിടത്തോളം കുടുംബം ഉണ്ടായെന്നു വരാം. എന്നാൽ ഇന്നത്തെ രീതിയിലെ കുടുംബങ്ങളാവില്ല അത്‌. സ്വയം പുതുക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്‌തുകൊണ്ടാവും ഭാവിയിലെ കുടുംബങ്ങൾ നിലനിൽക്കുക. ഇല്ലായ്‌മകളും ബലഹീനതകളുമാണ്‌ മനുഷ്യരെ ചേർത്തുനിർത്തുന്ന ഘടകങ്ങളിൽ പ്രധാനം.

ദുർബലർ ചേർന്നുനിൽക്കും; ശക്തർ ഒറ്റയ്‌ക്കൊറ്റയ്‌ക്കും. വികസിതരാജ്യങ്ങളിലെ കുടുംബബന്ധങ്ങൾ ശിഥിലവും ദരിദ്രരാജ്യങ്ങളിലെ ദൃഢവും എന്ന ആഖ്യാനം പൊതുവിൽ നിലനിൽക്കുന്നു. അവികസിതാവസ്ഥയുടെ ലക്ഷണമായി ദൃഢകുടുംബങ്ങളെ കാണാം.

കുടുംബങ്ങളെ ശിഥിലമാക്കുന്ന ഘടകങ്ങളെ സരസമായി ആവിഷ്‌കരിക്കുന്ന ചിത്രമാണ്‌ ജോർജ്‌ കോര സംവിധാനം ചെയ്‌ത ‘തോൽവി എഇ’. എഫ്‌സി എന്നതിന്‌ ഫുട്ട്‌ബോൾ ക്ലബ്‌ എന്നോ ‘ഫാമിലി ക്ലബ്‌’ എന്നോ നിങ്ങൾക്ക്‌ വികസിപ്പിക്കാം.

പരാജിതർക്കു മാത്രമായി ഒരു വീടോ എന്നു നിങ്ങൾ മൂക്കത്ത്‌ വിരൽവെച്ചേക്കാം. എന്നാൽ ഒരു വീട്ടിലുള്ളവരെല്ലാം പരാജിതരായാലോ? ശോശാമ്മ‐കുരുവിള ദന്പതിമാർക്ക്‌ രണ്ട്‌ മക്കൾ. ഉമ്മനും തന്പിയും. വീട്ടുപേര്‌ വിക്ടറി ഹിൽ. എന്നാൽ നാലുപേരും അവരവരുടെ കർമമണ്ഡലങ്ങളിൽ പരാജിതർ.

എന്തുകൊണ്ടാണിവർ പരാജിത ജന്മങ്ങളുടെ ഉടമകളായിപ്പോയത്‌ എന്നതിന്റെ വിശദീകരണമാണ്‌ സിനിമയുടെ പ്രമേയം. നമുക്ക്‌ കുരുവിള എന്ന കുടുംബനാഥനെത്തന്നെയെടുക്കാം. കാര്യമായ തൊഴിലില്ല. രാവിലെ ‘കുളിച്ച്‌ കുട്ടപ്പനാ’യി ഓഫീസ്‌ എന്ന്‌ വിളിക്കുന്ന സ്വന്തം വീട്ടുമുറിയിൽ ഇരുന്ന്‌ ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിൽ വ്യാപൃതനാണ്‌ ടിയാൻ. കുടുംബനാഥയായ ശോശാമ്മ ലൈബ്രറേറിയനും പരാജയപ്പെട്ട ക്രൈം നോവലിസ്റ്റുമാണ്‌.

മൂത്തമകൻ ഉമ്മൻ എഞ്ചിനീയറിംഗ്‌ ബിരുദധാരിയെങ്കിലും സ്റ്റാർട്ടപ്പ്‌ ജ്വരത്തിൽപെട്ട്‌ ‘ചായ്‌ നേഷൻ’ എന്ന്‌ വാഴ്ത്തെപ്പെട്ട ചായക്കട ചെയിൻ നടത്തുന്നവനാണ്‌. വൈഫൈ സൗകര്യം തേടിയെത്തുന്ന മറ്റു ചില പരാജിതരാണ്‌ ചായക്കടയിലെ സന്ദർശകർ.

രണ്ടാമത്തെ മകന്‌ സ്‌റ്റേറ്റ്‌ ടീമിൽ സെലക്‌ഷൻ കിട്ടിയതാണ്‌, എന്നാൽ കാലൊടിഞ്ഞ്‌ കന്പിയിട്ടത്‌ കാരണം കളിക്കാനാവില്ല. പകരം ജൂനിയർ കുട്ടികളുടെ ഫുട്ട്‌ബോൾ പരിശീലകനായി തോൽവി ഏറ്റുവാങ്ങാനാണ്‌ വിധി. അയാളുടെ ടീമിനാണ്‌ യഥാർഥത്തിൽ തോൽവി എഫ്‌സി എന്ന പേര്‌ വീഴുന്നത്‌.

ഇവർ പരാജിതരാവുന്നതിന്റെ കാരണം വ്യക്തമാകകുന്ന ഘടകങ്ങൾ പടക്കം മാതിരി സംവിധായകൻ അധികം ശ്രദ്ധിക്കാതെയെന്നോണം കഥാഗതിയിലാകെ വാരി വിതറിയിട്ടുണ്ട്‌. ദീപാവലിക്കാലത്ത്‌ മിക്കതും പൊട്ടിക്കഴിഞ്ഞ ശേഷം ഓർമത്തെറ്റുപോലെ പൊട്ടുന്ന ചില പടക്കങ്ങളുണ്ട്‌. അതുപോലെ ചിലവ പൊട്ടിച്ചിരി പടർത്തുന്നുമുണ്ട്‌.

വിക്ടറി ഹില്ലിലെ എല്ലാവരും അവരവരുടെ മണ്ഡലങ്ങളിൽ എപ്രകാരം പരാജിതരായിത്തീരുന്നു എന്ന്‌ തെളിയിക്കാൻ സംവിധായകൻ കൗശലപൂർവം ഉപയോഗിക്കുന്ന ടൂൾ പ്രത്യയശാസ്‌ത്രത്തിന്റേതാണ്‌. ഒരു രാഷ്‌ട്രീയ ചിത്രത്തിന്റെ രൂപവും ഭാവവും നിരാകരിക്കുകയും എന്നാൽ അത്യുഗ്രൻ രാഷ്‌ട്രീയ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു.

അധികം പറഞ്ഞ്‌ കുളമാക്കാതെ സിനിമ എന്ന മാധ്യമത്തിന്റെ ദൃശ്യപരതയിൽ ഊന്നിനിന്ന്‌ പ്ലോട്ടിനെ ആന്തരികമായി വികസിപ്പിക്കാൻ കഴിയുന്നു എന്നതാണീ ചിത്രത്തെ വിജയകരമാക്കുന്നത്‌.

ഒരു സാധുവാണ്‌ ഗൃഹനാഥപട്ടം സ്വയം എടുത്തണിഞ്ഞ കുരുവിള. ടിയാൻ ഫലത്തിൽ ഒരു തൊഴിലും ചെയ്യുന്നില്ല. ചില മണി ഗാംബ്ലിംഗ്‌ അല്ലാതെ. എന്നാൽ അദ്ദേഹം ‘ബഡ്‌ കോഫി’ മുതൽ പ്രഭാതഭക്ഷണം വരെയും ഉച്ചഭക്ഷണം മുതൽ അത്താഴം വരെയും ‘ശോശേ’ എന്ന്‌ സദാസമയവും ‘കാറി’ക്കൊണ്ടിരിക്കും.

ഉടുവസ്‌ത്രം വരെ ശോശാമ്മ എന്ന ‘വീട്ടമ്മ’ എടുത്തു കൊടുക്കണം. എത്ര സാധുവാണെങ്കിലും പാട്രിയാക്ക്‌ പാട്രിയാർക്ക്‌ തന്നെയാണ്‌. അണുകിടപോലും വിട്ടുകൊടുക്കാത്ത ആണധികാരി.

പാട്രിയാർക്കിക്കൽ ബിംബത്തെ സംവിധായകൻ ഉടച്ചിടുന്നത്‌ കൗതുകകരമാണ്‌. ഒരു വലിയ സ്യൂട്ട്‌കേസുമായി പൂമുഖത്തേക്കിറങ്ങുന്ന ശോശാമ്മയോട്‌ ‘നീയിതെങ്ങോട്ട്‌’ എന്ന്‌ അത്ഭുതം കൂറുന്ന കുരുവിളയോട്‌ ഞാനല്ല നിങ്ങൾ.

നിങ്ങളാണ്‌ പുറത്തേക്ക്‌. ഭാര്യയുടെയും ഭർത്താവിന്റെയും ജോയിന്റ്‌ അക്കൗണ്ട്‌ ഗാംബ്ലിങ്ങിലൂടെ കാലിയാക്കിയതനുള്ള ശിക്ഷ. ഒടുവിൽ പാട്രിയാർക്ക്‌ മകന്റെ ചായക്കടയായ ‘ചായ്‌ നേഷനിലെ’ ചായ മേക്കറായി ‘മേക്ക്‌ ഓവർ’ ചെയ്യുന്നതിലെ ഐറണി രസാവഹമാണ്‌.

ശോശാമ്മ എന്ന ലൈബ്രേറിയൻ എഴുതിക്കൂട്ടുന്ന ക്രൈം നോവലുകളിൽ മടുത്ത പ്രസാധകൻ ഇനിമേൽ ഇങ്ങനെ അയയ്‌ക്കേണ്ടതില്ല എന്നു പറഞ്ഞു തള്ളുമ്പോഴും അവർ യത്നം അവസാനിപ്പിക്കുന്നില്ല. ഭർത്താവിനെ ‘പെട്ടിയും പ്രമാണവു’മായി പടികടത്തിയശേഷം ശോശാമ്മ കൂടുതൽ കരുത്താർജിച്ചു.

വീട്ടിൽ സംഘടിപ്പിക്കുന്ന ‘ഡി ജെ പാർട്ടി’ അതിനുദാഹരണം. അച്ഛനെ പണിയെടുപ്പിക്കുന്ന മകനോട്‌ ‘അധികം പണിയെടുപ്പിക്കല്ലേടാ. ഇതുവരെ അനങ്ങാത്ത മേനിയാണെന്ന കമന്റും പാട്രിയാർക്കിക്‌ മൂല്യത്തോടുള്ള കുത്താണ്‌. ശോശാമ്മ എടുത്തെറിയുന്ന കുന്തങ്ങൾ ചെന്നു തറയ്‌ക്കുന്നത്‌ കുരുവിളയ്‌ക്ക്‌ നേരെ മാത്രമല്ല മുഴുവൻ ആണധികാരികൾക്കും നേരെയാണ്‌.

ഉമ്മൻ മാൻ വലിയ ടീ ചെയിനിന്റെ ഉടമയാണെന്നു ഭാവിച്ച്‌ ഇംഗ്ലീഷൊക്കെ പറഞ്ഞ്‌ പോളീഷാകാൻ നോക്കും. കാമുകിയുടെ ചോദ്യങ്ങൾക്കു മുന്നിൽ തളർന്ന്‌ ലാപ്‌ടോപ്പ്‌ മൂടിവെക്കും.

ബാംഗ്ലൂർ ജോലിവിട്ട്‌ തുടങ്ങിയ ചായ്‌ നേഷൻ വെറുമൊരു ചായക്കട മാത്രമാണെന്ന്‌ തൊട്ടടുത്ത ഐടി കന്പനി മേധാവി മുഖത്തുനോക്കി പറയുന്നതോടെ ബിസിനസ്‌ വ്യാമോഹം കൈവിട്ട്‌ അയാൾ എഞ്ചിനീയറായി വികസിക്കുന്നു.

തന്റെ മിഥ്യാബോധം കൈയൊഴിഞ്ഞ്‌ ഉത്സാഹിയാകുന്നതോടെ പ്രണയവും പൂവിട്ടുതുടങ്ങുന്നു.

‘കാലിൽ കന്പിയിട്ട’ ഫുട്ട്‌ബോളർ തന്പിയും പരിശീലിപ്പിക്കാൻ കിട്ടുന്ന കുഞ്ഞ്‌ ഉഴപ്പന്മാരും അവരിലൊരുവന്റെ കുഞ്ഞമ്മയും തന്പിയുടെ പഴയ സഹപാഠിയായിരുന്ന മിയയും ‘ഡിവോഴ്‌സ്‌’ എന്നത്‌ സമസ്യയല്ല അവസ്ഥയാണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌; എളുപ്പത്തിൽ മറികടക്കാവുന്ന അവസ്ഥ. ബാലികാ ബാലന്മാരെ വ്യാജ പ്രൊഫൈൽ സൗഹൃദത്തിലൂടെ വലയിൽ വീഴ്‌ത്തി ‘അബ്യൂസ്‌’ ചെയ്യുന്ന മാന്യനെയും സിനിമ പരിചയപ്പെുത്തുന്നു.

ഒടുവിൽ തന്പിയുടെ തോൽവി ഫുട്ട്‌ബോൾ ക്ലബ്‌ മറിയയുടെ ഇടപെടലിലൂടെ ‘വിജയി എഫ്‌സി’യാകുന്നു. തോൽവി അത്ര മോശം കാര്യമല്ലെന്നും വിജയത്തിനു മുന്നോടിയാണെന്നുമുളള ആപ്തവാക്യമൊന്നും സംവിധായകൻ തട്ടിവിടുന്നില്ല.

എന്നാൽ സമൂഹം സൃഷ്ടിച്ചുവച്ച വാർപ്പു മാതൃകകളെ പുതിയകാല ബോധ്യങ്ങളിൽ ഊന്നിനിന്ന്‌ തകർക്കുന്നു എന്നിടത്താണ്‌ ഈ സിനിമ സവിശേഷമാകുന്നത്‌. മതം, ജാതി, ലിംഭേദം, പ്രാദേശികത്വം, വംശീയത തുടങ്ങിയ എല്ലാ മുൻവിധികളെയും മറികടക്കാൻ കഴിയുമ്പോഴാണ്‌ വിക്ടറി ഹില്ലിലെ താമസക്കാർ യഥാർഥ വിജയികളാകുന്നത്‌.

ഒളിച്ചുപിടിക്കുന്ന ഹാസ്യമാണ്‌ ഏറ്റവും ശക്തമായ ഹാസ്യം. വെറും ഹാസ്യമല്ല വ്യവസ്ഥാപിത മൂല്യങ്ങൾക്കെതിരായ ബോംബ്‌ കൂടിയാകുമ്പോൾ ആസ്വാദ്യതയേറും. പല ജീവിതങ്ങളുടെ പല സ്ഥലകാലങ്ങളെ സിനിമാ ഭാഷയാൽതന്നെ യോജിപ്പിച്ചെടുക്കുകയും വിരസതയിലേക്ക്‌ നീങ്ങാൻ തുടങ്ങുമ്പോഴേക്ക്‌ അടുത്ത സീനിലേക്ക്‌ ജീവൻവയ്‌ക്കുകയും ചെയ്‌ത സാങ്കേതികതയ്‌ക്ക്‌ എഡിറ്റർക്ക്‌ ആ കൈയടി നൽകാം.

ചിത്രത്തിന്റെ വർണവും ടോണും ഒഴുക്കും ഒട്ടും മടുപ്പിക്കാതെ കാര്യങ്ങൾ പറയാൻ സഹായകരമാകുന്നുണ്ട്‌. ഇത്രയൊക്കെ ചെയ്‌തിട്ടും സാധാരണത്വം വിട്ട്‌ ഉയരാൻ ഈ സിനിമയ്‌ക്ക്‌ കഴിയാതെപോയത്‌ കഥയില്ലായ്‌മയിൽനിന്ന്‌ മെനഞ്ഞെടുത്ത കഥയിലും തിരക്കഥയിലും വന്ന ശ്രദ്ധക്കുറവാകാം. പിന്നെ പരിചയസന്പന്നത. ജോർജ്‌ കോര എന്ന സംവിധായകൻ കൂടുതൽ സിനിമകൾ ചെയ്യട്ടെ. മികച്ച ഒരു കലാകാരൻ അയാളിലുണ്ട്‌.

(ചിന്ത വാരികയിൽ നിന്ന്)

Comments
Spread the News