വിവാഹം എന്നത് പല മാതാപിതാക്കൾക്കും ഒരു കടമ നിർവഹിക്കലാണ്. അവരെക്കൊണ്ട് സാധിക്കുന്നത് പോലെ മക്കളുടെ വിവാഹം വലിയ ആർഭാടമായി ആഘോഷമാക്കി മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതു കഴിഞ്ഞുള്ള ദിവസങ്ങളിൽ പെൺകുട്ടികളുടെ ജീവിതത്തിൽ പലതരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ സമൂഹം തന്നെ അടിച്ചേൽപ്പിക്കുകയാണ്. വിവാഹ ശേഷം ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ച് ജീവൻ പൊലിഞ്ഞ നിരവധി സ്ത്രീകളും നമുക്കു ചുറ്റുമുണ്ട്.
ഇതിന് കാരണം പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിലും പെൺകുട്ടികളെ കുടുംബത്തിന്റെ അന്തസ്സിനെ ഓർത്ത് വീട്ടുകാർ തന്നെ ഭർതൃ വീട്ടിൽ തളച്ചിടുന്ന സാഹചര്യങ്ങളാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതിയുമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഒരു പിതാവ്. വിവാഹ ബന്ധം ഉപേക്ഷിച്ചു തിരികെയെത്തിയ മകളെ വിവാഹം പോലെ തന്നെ വലിയ ആഘോഷത്തോടെ വീട്ടിലേക്ക് തിരികെ ക്കൊണ്ടുപോകുന്ന ഒരച്ഛനെയാണ് വീഡിയോയിൽ കാണുന്നത്. ജാർഖണ്ഡിലാണ് സംഭവം.
പ്രേം ഗുപ്ത എന്നയാളുടെ മകളായ സാക്ഷി ഗുപ്ത 2022 ഏപ്രിലിൽ ആണ് വിവാഹിതയായത്. ഒരു എഞ്ചിനീയറായിരുന്നു വരൻ. എന്നാൽ വിവാഹം കഴിഞ്ഞ ശേഷമാണ് ഇയാൾ നേരത്തെ തന്നെ വിവാഹിതനാണെന്ന കാര്യം സാക്ഷി അറിഞ്ഞത്. തുടർന്ന് തന്റെ എല്ലാ വിഷമങ്ങളും വീട്ടുകാരോട് തുറന്നു പറഞ്ഞ മകൾക്ക് ഈ വിവാഹബന്ധം പൂർണമായും അവസാനിപ്പിക്കാനുള്ള പിന്തുണയും പിതാവായ പ്രേം ഗുപ്ത നൽകി.