അയോധ്യയിൽ ഭക്തരെ കാത്തിരിക്കുന്നത് ആഢംബര സൗകര്യങ്ങള്‍

ജനുവരിയിലാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം കര്‍മം നിര്‍വഹിക്കുക. ക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം അവിടെ സന്ദര്‍ശനം നടത്താന്‍ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ക്ഷേത്രത്തിലേയ്ക്ക് നടന്നെത്താവുന്ന ദൂരത്തിൽ ഒരുക്കിയിരിക്കുന്ന ‘ടെന്റ് സിറ്റി’യില്‍ നിങ്ങളെ കാത്തിരിക്കുന്നത് പഞ്ച നക്ഷത്ര സൗകര്യങ്ങളാണ്.

പരികര്‍മ മാര്‍ഗിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന 20 ഏക്കര്‍ സ്ഥലമാണ് ‘ടെന്റ് സിറ്റി’യായി അറിയപ്പെടുന്നത്. ഇവിടെ നിന്ന് രാമജന്മഭൂമിയിലേക്ക് വെറും ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 300 ആഢംബര ടെന്റുകളാണ് ഇവിടെ തീര്‍ഥാടകരെ കാത്തിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാർ പറയുന്നു.

”ഹൈവേയില്‍ നിന്ന് പരികര്‍മ മാര്‍ഗിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയും. തീര്‍ഥാടകര്‍ക്ക് മികച്ച അനുഭവം നല്‍കുന്ന രീതിയിലാണ് ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ. ഇവിടെ നിന്ന് നോക്കുമ്പോള്‍ രാമജന്മഭൂമി ക്ഷേത്രം വ്യക്തമായി ദൃശ്യമാകുമെന്ന്,”സര്‍ക്കാര്‍ രേഖകളില്‍ പറയുന്നു.

അടുത്ത വര്‍ഷം ജനുവരിയില്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം ദിവസം 1.5 ലക്ഷം പേര്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നതെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര ന്യൂസ് 18-നോട് പറഞ്ഞു. അയോധ്യയില്‍ കുറച്ച് ഹോട്ടലുകള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ ടെന്റ് സിറ്റിയായിരിക്കും സന്ദര്‍ശകര്‍ക്ക് തങ്ങാനാകുന്ന ഇടമായി മാറുക. ലൈന്‍സസ് അടിസ്ഥാനത്തില്‍ ടെന്റ് സിറ്റിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ഒരു സ്വകാര്യ ഏജന്‍സിയെ യുപി സര്‍ക്കാര്‍ തേടുന്നുണ്ട്. 20 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ടെന്റ് സിറ്റി വികസിപ്പിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ കുറഞ്ഞത് 300 ടെന്റുകളെങ്കിലും സ്ഥാപിക്കും, സര്‍ക്കാര്‍ വ്യക്തമാക്കി.

ടെന്റ് സിറ്റിയില്‍ എത്തുന്നവര്‍ക്ക് ഏറെ സവിശേഷവും സുഖപ്രദവുമായ ഒരു ക്യാംപിങ് അനുഭവമായിരിക്കും നല്‍കുകയെന്നും നഗരത്തിന്റെ സംസ്‌കാരത്തിലും ആത്മീയതയിലും മുഴുകാന്‍ അത് അവര്‍ക്ക് അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. പ്രകൃതിദത്തമായ ചുറ്റുപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടും പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രധാന്യം സംരക്ഷിച്ചുകൊണ്ടും ആധുനിക സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് പദ്ധതി. വിഐപി ലോഞ്ച്, ഡൈനിങ് ഏരിയ, റസ്‌റ്ററന്റ്, റിസപ്ഷന്‍ ഏരിയ, അറ്റാച്ചഡ് ടോയ്‌ലറ്റ് എന്നിവയെല്ലാം ഓരോ ടെന്റിലുമുണ്ടാകും. വില്ല, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് എന്ന രീതിയില്‍ വ്യത്യസ്തമായ വിഭാഗങ്ങളിലായിരിക്കും ടെന്റുകള്‍ നിര്‍മിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ടെന്റുകളിലെ സേവനത്തിന്റെ ഗുണനിലവാരം പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് ആനുപാതികമായിരിക്കുമെന്നും യുപി സര്‍ക്കാര്‍ പറഞ്ഞു.

ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 250 അംഗ സംഘത്തിനാണ് രാമക്ഷേത്രത്തിന്റെ നിർമാണ ചുമതലയിലുള്ളത്. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് കല്ലിൽ മനോഹരമായ അലങ്കാരപ്പണികൾ ചെയ്താണ് ക്ഷേത്രം നിർമ്മിക്കുക. ഇതിനായി ഒരു ലക്ഷം ക്യൂബിക് ചതുരശ്ര മീറ്റർ പിങ്ക് കല്ലുകളാണ് രാജസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. മൊത്തം 300 കോടി രൂപയാണ് ക്ഷേത്രത്തിന്റെ നിർമ്മാണ ചെലവിനത്തിൽ പ്രതീക്ഷിക്കുന്നത്.

Comments
Spread the News