എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് വിഴിഞ്ഞം ഇടവകയുടെ ബോർഡുകൾ. വിഴിഞ്ഞം ജങ്‌ഷൻ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഇടവക ബോർഡുകൾ സ്ഥാപിച്ചത്. വിഴിഞ്ഞം ഇടവക ജനതയുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് ഉറപ്പ് നൽകിയ എൽഡിഎഫ് സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ എന്നാണ് ബോർഡുയർത്തിയത്.

ഇടവക മുന്നോട്ട് വച്ച 18 ഇന ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ അടുക്കുന്ന ചടങ്ങിൽ ഇടവക വികാരിയും അംഗങ്ങളും പങ്കെടുത്തിരുന്നു. മുൻപ് ഈ ദിവസം കരിദിനമായി ആചരിക്കാൻ ഇടവക ആഹ്വാനം ചെയ്തിരുന്നു. ചർച്ച വിജയമായതോടെയാണ് തീരുമാനം പിൻവലിച്ചതും വികാരി ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തതും. 1665 പേരുടെ പാര്‍പ്പിട പ്രശ്‌നത്തിന് പരിഗണന, നഷ്ടപ്പെട്ട കളിസ്ഥലത്തിനു പകരം പുതിയ കളിസ്ഥലം, കൂടുതല്‍ പ്ലസ് വണ്‍ കോഴ്‌സുകള്‍, സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക പാക്കേജ്, പാലിയേറ്റീവ് കെയര്‍, 10 കിടക്കയുള്ള ആശുപത്രി തുടങ്ങിയവ പരിഗണിക്കാം എന്ന് ഉറപ്പ് ലഭിച്ചതായി വികാരി ഡോ. ടി നിക്കോളാസ് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ബോർഡുകൾ സ്ഥാപിച്ചത്.
Comments