‘ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കും; സ്വവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം’: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്നും സ്വവർഗ ലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് എതിരേ വിവേചനം ഉണ്ടാകുന്നില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിധിപ്രസ്താവത്തിനിടെയായിരുന്നു സുപ്രധാന പരാമർശങ്ങള്‍. വിഷയത്തില്‍ ചീഫ് ജസ്റ്റിസടക്കം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പ്രസ്താവമാണ് നടത്തിയത്.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ ചന്ദ്രചൂഢ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടത് നിയമനിർമാണ സഭകളാണെന്നും പറഞ്ഞു. കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല. നിയമം വ്യാഖ്യാനിക്കാന്‍ മാത്രമേ കഴിയൂവെന്നും ചന്ദ്രചൂഢ് പറഞ്ഞു.

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിന്മേലുള്ള വിധി സംബന്ധിച്ച് ചില കാര്യങ്ങളില്‍ ജഡ്ജിമാര്‍ക്കിടയില്‍ യോജിപ്പും ചില കാര്യങ്ങളില്‍ വിയോജിപ്പുമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവർഗ വിവാഹം നഗരങ്ങളിലെ വരേണ്യവര്‍ഗത്തിന്റെ മാത്രം ആവശ്യമല്ല, പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെയടക്കം കാഴ്ചപ്പാടാണ്. നഗരങ്ങളിലുള്ള എല്ലാവരും വരേണ്യ വര്‍ഗത്തില്‍പ്പെടുന്നവരല്ല. വിവാഹം എന്ന കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്‍റാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്പെഷ്യല്‍ മാര്യേജ് ആക്ട് കോടതി റദ്ദാക്കിയാല്‍ രാജ്യത്തെ സ്വാന്ത്ര്യത്തിന് മുന്‍പുള്ള കാലത്തേക്ക് കൊണ്ട് പോകുന്നതുപോലെയാകും. സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ പുതിയ വാക്കുകള്‍ കൊണ്ടുവരാനുള്ള അധികാരം കോടതിക്കില്ല. പാര്‍ലമെന്റിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറാതിരിക്കാന്‍ കോടതി ശ്രദ്ധിക്കേണ്ടതാണ്. സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കേണ്ട അനൂകൂല്യങ്ങളെ സംബന്ധിച്ച് കാബിനെറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നെന്ന കേന്ദ്ര വാദം ശരിവെക്കുന്നു.

എതിര്‍ ലിംഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ കുട്ടികളെ വളര്‍ത്താന്‍ കഴിയൂ എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എതിര്‍ ലിംഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ മാത്രമാണ് നല്ല മാതാപിതാക്കൾ എന്ന വാദവും തെറ്റ്. സ്വവർഗ വിഭാഗത്തില്‍ പെട്ടവർക്ക് കുട്ടികളെ ദത്തെടുക്കാന്‍ തടസം സൃഷ്ടിക്കുന്ന സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണ്. സ്വവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ വിവേചനം ഉണ്ടാകുന്നില്ലെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ട്രാൻസ്ജെൻഡര്‍ ഉള്‍പ്പടെയുളളവര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിധിന്യായത്തിൽ പറയുന്നു.

Comments
Spread the News