സൗദി അറേബ്യ, ഇറാൻ ഉൾപ്പെടെ ആറ് രാജ്യങ്ങളെ പുതിയ അംഗങ്ങളാകാൻ ക്ഷണിച്ച് ബ്രിക്സ്

ബ്രിക്സ് കൂട്ടായ്മയിൽ പുതിയ അംഗങ്ങളാകാൻ ആറ് രാജ്യങ്ങൾക്ക് ക്ഷണം.  അർജന്റീന, ഈജിപ്ത്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ ആറ് രാജ്യങ്ങളെയാണ് പുതിയ അംഗങ്ങളാകാൻ ബ്രിക്‌സ് ഗ്രൂപ്പ് ക്ഷണിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ പറഞ്ഞു.

ജൊഹാനസ്ബർഗിൽ വ്യാഴാഴ്ച അവസാനിച്ച ത്രിദിന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഒന്നാമതായി നടന്നത്. നിലവിലെ എല്ലാ ബ്രിക്‌സ് അംഗങ്ങളും കൂട്ടായ്മ വളർത്തുന്നതിന് പരസ്യമായി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും എങ്ങനെ, എത്ര വേഗത്തിൽ എന്നതിനെച്ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാക്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരുവരും ചർച്ച നടത്തിയത്. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്ന് ചർച്ചയിൽ ഇരുനേതാക്കളും സമ്മതിച്ചു.

ഷിയുമായുള്ള സംഭാഷണത്തിൽ, ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ പടിഞ്ഞാറൻ സെക്ടറിലെ നിയന്ത്രണരേഖയിലെ (എൽഎസി) പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കിയിരുന്നു.

Comments
Spread the News