ഉമ്മൻ ചാണ്ടി ജ്യേഷ്ഠ തുല്യനെന്ന് കെ സുധാകരന്‍

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ഏത് പാതിരാത്രിയിലും എന്താവശ്യത്തിനും ഒരുവിളിപ്പാട് അകലെയുള്ള സ്വാന്ത്വനത്തിന്റെ പേര് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്റെ മനസ്സിന് ഏല്‍പ്പിച്ച മുറുവിനെപ്പോലും ജനകീയ ഔഷധം കൊണ്ട് സുഖപ്പെടുത്തിയ വ്യക്തിത്വം. സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്ത നേതാവ്. ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാനും ഓര്‍ത്തെടുക്കാവുന്നതിനും അപ്പുറമാണ് ഉമ്മന്‍ചാണ്ടി എന്ന് കെ സുധാകരൻ പറഞ്ഞു. സ്‌നേഹം, കാരുണ്യം, വികസനം, കരുതല്‍ അങ്ങനെ ഒട്ടേറെ പര്യായം ഉമ്മന്‍ചാണ്ടി എന്ന പേരിന് സമ്മാനിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും അദ്ദേഹം വിടവാങ്ങുന്നത് എന്നും അദ്ദേഹം അനുസ്മരിച്ചു.

ഉമ്മന്‍ചാണ്ടി തനിക്ക് ജേഷ്ഠസഹോദരനെ പോലെയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. അത്ഭുതത്തോടെ അദ്ദേഹത്തെ എന്നും നോക്കിനിന്നിട്ടുണ്ട്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് കോണ്‍ഗ്രസിന് നികത്താവുന്നതിന് അപ്പുറമാണ്. കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് തനിക്ക് അനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്കുണ്ടാക്കിയ ആഘാതം വലുതാണ്. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നും കെ സുധാകരൻ പറഞ്ഞു.

Comments
Spread the News