യുസിസി; ദേശീയ തലത്തിൽ കോൺഗ്രസ് സഹകരണത്തെ കുറിച്ച് ചർച്ച ചെയ്യുമെന്ന് യെച്ചൂരി

ഏക സിവിൽ കോഡ‍ിൽ ദേശീയ തലത്തിൽ കോൺഗ്രസിനേയും മുസ്ലിം ലീഗിനേയും ചേർത്തുള്ള സഹകരണം തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ദേശീയ തലത്തിൽ കോൺഗ്രസിനേയും ലീഗിനേയും ചേർത്തുള്ള പരിപാടിയെ കുറിച്ച് ബെംഗളുരുവിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും എന്നാൽ ഇപ്പോൾ പറയാൻ പറ്റില്ലെന്നും സിതാറാം യെച്ചൂരി പറഞ്ഞു. ഏക സിവിൽ കോഡ‍് തുല്യതയ്ക്കെതിരാണ്. ഏക സിവിൽ കോഡ് തുല്യത കൊണ്ടുവരില്ല. രാജ്യത്ത് എല്ലാതരത്തിലുള്ള തുല്യതയും ആവശ്യമാണ്. ഏക സിവിൽ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്നും യെച്ചൂരി പറഞ്ഞു.

ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാ‍ർ ഇന്ന് കോഴിക്കോട് നടക്കും. നാല് മണിക്ക് നടക്കുന്ന സെമിനാ‍ർ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉള്‍പ്പെടെ മുസ്ലിം സംഘടനാ പ്രതിനിധികളുടെയും ക്രൈസ്തവ – ദളിത് സംഘടനകളുടെയും പിന്തുണ ഉറപ്പാക്കിയാണ് സെമിനാ‍‍ർ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ ഭോപ്പാൽ പ്രസംഗം തിരി കൊളുത്തിയ ഏകസിവിൽ കോഡ് ചർച്ചയിൽ കേരളത്തിൽ ആദ്യത്തെ സെമിനാറാണ് സിപിഐഎമ്മിന്റേത്.

സെമിനാറില്‍ എം വി ഗോവിന്ദന്‍ മാസ്റ്റർ, എളമരം കരീം, ഇ കെ വിജയന്‍, ജോസ് കെ മാണി തുടങ്ങി എല്‍ ഡി എഫ് നേതാക്കള്‍ സംസാരിക്കും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലെ ക്ഷണിച്ചിരുന്നെങ്കിലും സഭയുടെ പ്രതിനിധിയായിരിക്കും പങ്കെടുക്കുക. ഹജജ് കമ്മറ്റി ചെയർമാന്‍ സി മുഹമ്മദ് ഫൈസി, മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സമസ്ത മുശാവറ അംഗങ്ങളായ ഉമർഫൈസി, പി എം അബ്ദുസലാം ബാഖവി തുടങ്ങിയ സാമുദായിക നേതാക്കളും സെമിനാറിൽ പങ്കെടുക്കും. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളെയും എസ്‍ എന്‍ ഡി പി പ്രതിനിധിയായി ബി ഡി ജെ എസ് നേതാവ് അരയാക്കണ്ടി സന്തോഷിനെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Comments
Spread the News