കോടമഞ്ഞും മലനിരകളും കൊണ്ട് മനോഹരമായ സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ ഗവി. വന്യജീവികളെ കാണാനും ട്രെക്കിംഗ്, പ്രത്യേകം നിർമ്മിച്ച ടെന്റുകളിൽ ഔട്ട്ഡോർ ക്യാമ്പിംഗ്, നൈറ്റ് സഫാരികൾ എന്നിവയാണ് യാത്രക്കാർക്കായി ഗവി ഒരുക്കിയിരിക്കുന്നത്. അവിടേക്കുള്ള യാത്ര ആനവണ്ടിയിലായാലോ? കാടിനു നടുവിലൂടെയുള്ള യാത്രയും കാഴ്ചകളുമെല്ലാം എന്തു രസമായരിക്കുമല്ലേ? എങ്കിൽ പോയാലോ ആനവണ്ടി കയറി ഗവിയിലേക്ക്.
കേരളത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും യാത്രക്കാർ ഗവിയിലേക്ക് എത്തുന്നുണ്ട്. കെ എസ് ആർ ടി സിയുടെ ഗവി ടൂർ പാക്കേജ് ഇപ്പോൾ വൻ വിജയത്തിലേക്ക് എത്തുകയാണ്. ടൂർ പാക്കേജ് 2022 ഡിസംബർ 1 നാണ് ആരംഭിച്ചത്. 2023 ജൂൺ 27 ന് എത്തുമ്പോൾ പാക്കേജ് 500 ലേക്കാണ് എത്തുന്നത്. ഇത് വരെയുള്ള പാക്കേജുകളിൽ ഒട്ടേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ യാത്രകളിൽ കെ എസ് ആർ ടി സിക്ക് വരുമാനമായി കിട്ടിയത് രണ്ട് കോടിക്ക് മുകളിലാണ്.
മൂന്ന് സർവീസുകളാണ് പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് ഒരു ദിവസം ഉണ്ടാകുന്നത്. യാത്രാ വഴികളിൽ കാടും കുന്നും വന്യജീവികളുമെല്ലാം കാണാൻ കഴിയും. പ്രവേശന ഫീസും ഉച്ചയൂണും കൊച്ചുപമ്പയിൽ ബോട്ടിങും യാത്രാ നിരക്കുമെല്ലാം കൂടി 1300 രൂപയാണ് ടൂർ പാക്കേജ്. രാവിലെ ഏഴു മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ഉച്ച കഴിഞ്ഞാൽ വണ്ടി നേരെ തിരിക്കുക വണ്ടിപെരിയാർ വഴി 4700 അടി ഉയരമുള്ള പരുന്തുംപാറയിലേക്ക്. എട്ടുമണിക്ക് ശേഷമാണ് തിരിച്ച് പത്തനംതിട്ടയിൽ എത്തുക.