പൊലീസ്‌ ജീപ്പ്‌ തകർത്തു; 6 പ്രതികൾ പിടിയിൽ

മാറനല്ലൂർ പഞ്ചായത്തിൽ കഞ്ചാവ്‌ മാഫിയയുടെ അഴിഞ്ഞാട്ടം. പൊലീസ്‌ ജീപ്പിന്റെ ഗ്ലാസും രണ്ട്‌ ബൈക്കും തകർത്തു. ആറുപ്രതികൾ പിടിയിൽ. കണ്ടല സഹകരണ ബാങ്കിന്‌ എതിർവശം വേങ്ങനിന്നവിള വീട്ടിൽ അജീഷ്‌(19), വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ഹരികൃഷ്ണൻ (23), കരിങ്ങൽ കട്ടച്ചൽ എസ് എൻ ഭവനിൽ ഡാനി (23, ബിജു), തൂങ്ങാംപാറ വിഷ്ണു നിവാസിൽ വിഷ്ണു (23), കരിങ്ങൽ കരിച്ചാറ മേലെ പുത്തൻവീട്ടിൽ സച്ചിൻ(19), കണ്ടല ഹരിജൻ കോളനിയിൽ അക്ഷയ് ലാൽ ചിപ്പി (19,ചിപ്പി) എന്നിവരാണ്‌ പിടിയിലായത്‌.
ശനി വൈകീട്ട്‌ ആറോടെ തൂങ്ങാംപാറ ജങ്‌ഷനിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ജങ്‌ഷനിലെ ഹോട്ടലിനുമുന്നിൽ നിൽക്കുകയായിരുന്ന രണ്ട് സിഐടിയു പ്രവർത്തകരെ ബൈക്കിലെത്തിയ രണ്ടംഗ കഞ്ചാവ്‌ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐടിയു തൊഴിലാളികൾ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.  പരാതി നൽകിയെതറിഞ്ഞതോടെ വലിയൊരു സംഘം ആളുകളെത്തി ബൈക്കും സ്കൂട്ടറും അടിച്ച്‌ തകർത്തു.  പൊലീസ് എത്തിയത്തോടെ ഇവർ പൊലീസിനെ അസഭ്യം പറയാൻ തുടങ്ങി. ബൈക്കിൽ അമിതവേഗത്തിൽ കണ്ടല മുതൽ തൂങ്ങാംപാറ വരെ ചീറി പാഞ്ഞ് റോഡിൽ നിന്നവരെയല്ലാം അസഭ്യം പറഞ്ഞു. മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി.  രാത്രി ഒമ്പതോടെ കണ്ടല സ്റ്റേഡിയത്തിന് സമീപമെത്തിയ മാറനല്ലൂർ സിഐയ്‌ക്ക്‌ നേരെ നാൽപ്പതോളം പേർ വരുന്ന കഞ്ചാവ്‌ സംഘം ബീയർ കുപ്പികൾ വലിച്ചെറിഞ്ഞു. ഇതിൽ പൊലീസ്‌ ജീപ്പിന്റെ ചില്ല്‌ തകർന്നു.
ഞായർ പുലർച്ചെ അഞ്ചോടെ നരുവാമൂടിനടുത്ത് വിളപ്പിൽശാല പൊലീസിന്റെ ജീപ്പിന് മുന്നിൽപ്പെട്ട സംഘത്തെ വിളപ്പിൽശാല സിഐയും സംഘവും പിന്തുടർന്നു. ഇവർ ഊരൂട്ടമ്പലം ഭാഗത്തേക്ക് കടന്നെന്ന വിവരം ലഭിച്ച മാറനല്ലൂർ പൊലീസ് സംഘം എതിർദിശയിലൂടെയും എത്തി. തുടർന്ന് ഊരൂട്ടമ്പലം പ്ലാവിള ഭാഗത്ത് ഇരു ജീപ്പുകൾക്കും ഇടയിൽപ്പെട്ട സംഘം ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ്‌ ജീപ്പിലിടിച്ച് മറിഞ്ഞു വീഴുകയും പൊലീസിന്റെ പിടിയിലാവുകയും ചെയ്‌തു. വീഴ്ചയിൽ രണ്ട് പേർക്ക് പരിക്കേറ്റു.
Comments
Spread the News