നമ്പരില്ലാത്ത സ്‌കൂട്ടറിൽ വിദ്യാർത്ഥികളുടെ അഭ്യാസം, പെൺകുട്ടികളെ ശല്യം ചെയ്തു; ‘പണി കിട്ടിയത്’ അമ്മയ്ക്ക്

നമ്പരില്ലാത്ത സ്‌കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾ പിടിയിൽ. കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്ടു വിദ്യാർത്ഥികളാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. മൂവർ സംഘം പെൺകുട്ടികളെ ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു.
രൂപവും നിറവും മാറ്റിയ സ്‌കൂട്ടർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്‌കൂട്ടർ കുട്ടികളിൽ ഒരാളുടെ അമ്മയുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.

മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തിൽ പുനലൂർ നഗരത്തിലും പരിസര പ്രദേശത്തും ഇവർ കറങ്ങി നടക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളെക്കുറിച്ച് സൂചന ലഭിച്ചത്.

ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പർവച്ചും ഇവർ വാഹനം ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പുനലൂർ എസ് ഐ ശരത്‌ലാൽ അറിയിച്ചു.

Comments
Spread the News