തിരുവനന്തപുരം വട്ടിയൂർക്കാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ഭർത്താവിനെതിരെ ആരോപണം. നാല് ദിവസം മുമ്പ് വിവാഹമോചിതയായ യുവതിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി എഴുതിയ കുറിപ്പിലാണ് ആരോപണങ്ങളുള്ളത്. കൈയും കാലും കെട്ടിയിട്ട് നഗ്നചിത്രം എടുത്ത് സുഹൃത്തിന് അയച്ചുകൊടുത്തെന്നും പീഡിപ്പിച്ചെന്നുമാണ് യുവതി കുറിപ്പിൽ പറയുന്നത്. നിരവധി ആരോപണങ്ങൾ മുൻഭർത്താവിനെതിരെ യുവതി ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിയായ 45-കാരനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ കേസിലുൾപ്പെടെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്നു വിവാഹമോചനം ലഭിച്ച യുവതി മകളുമൊത്തായിരുന്നു താമസിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയെ ഉപദ്രവിച്ച ശേഷം നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.