ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ മൃതദേഹം തിങ്കൾ രാത്രി വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ചു. വിമാനത്താവളത്തിൽ സംസ്ഥാനസർക്കാറിന് വേണ്ടി തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ മൃതദേഹം ഏറ്റ് വാങ്ങി.
ചൊവ്വ രാവിലെ ആറുമുതൽ സ്വന്തം വീടായ പനോരമയിലും 10 മുതൽ കുടുംബ വീടായ ചെറ്റച്ചൽ ജഴ്സി ഫാമിനു സമീപം അനിഴത്തുവീട്ടിലും തുടർന്ന് നന്ദിയോട് ജങ്‌ഷനിലും വിഷ്ണു പഠിച്ച എസ് കെ വി എച്ച്എസ്എസിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ കരിമൺകോട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
വിഷ്ണുവിന്റെ വീട് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. ഡി കെ മുരളിയും എംഎൽഎയും ഒപ്പമുണ്ടായി. ഞായർ പകൽ മൂന്നിന് സുക്‌മ ജില്ലയിൽ തേകൽഗുഡേം സൈനിക, സിലഗെർ സൈനിക ക്യാമ്പുകൾക്കിടയിലുണ്ടായ കുഴിബോംബാക്രമണത്തിലാണ് വിഷ്ണു ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാന്മാർ മരിച്ചത്.