പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ഒരു റൊട്ടി ബാങ്ക് (Roti Bank) ഉണ്ട് അങ്ങു ഹരിയാനയിൽ. 2017 ല്‍ മധുബനില്‍ (ജാര്‍ഖണ്ഡ്) നിന്നുള്ള പോലീസ് ഇന്‍സ്‌പെക്ടറായ ശ്രീകാന്ത് ജാദവാണ് ഈ സംരംഭം ആരംഭിച്ചത്.
ഒരിക്കല്‍ ശ്രീകാന്ത് ജാദവ് 40 ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു. മടങ്ങിവരുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഭക്ഷണത്തിനായി തടിച്ചുകൂടിയിരിക്കുന്നതായി കണ്ടു. എന്നാല്‍ കൊണ്ടുവന്ന പാക്കറ്റുകള്‍ തീര്‍ന്നുപോയതിനാല്‍ അയാള്‍ക്ക് നിസഹായനായി നില്‍ക്കാനെ സാധിച്ചുള്ളു. ഇതേതുടര്‍ന്നാണ് അദ്ദേഹം റൊട്ടി ബാങ്ക് എന്ന ആശയം ആരംഭിച്ചത്. കുരുക്ഷേത്രയില്‍ (ഹരിയാന) ശ്രീകാന്തിന്റെ മേല്‍നോട്ടത്തില്‍ ഒരു റൊട്ടി ബാങ്ക് ആരംഭിച്ചു. പോലീസ് വകുപ്പിന്റെ അടുക്കളയില്‍ നിന്നാണ് സാധാരണയായി റൊട്ടി ബാങ്കിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്. അവര്‍ തന്നെ ഈ ഭക്ഷണം വിതരണം ചെയ്യുന്നു. ഇത്തരത്തില്‍ അവര്‍ ഏകദേശം 300 മുതല്‍ 400 വരെ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഈ പദ്ധതി വഴി പാവപ്പെട്ട ഓരോ വ്യക്തിക്കും ഭക്ഷണം നല്‍കാനും ആരും വിശന്നുറങ്ങാതിരിക്കാനുമാണ് പോലീസ് വകുപ്പ് ലക്ഷ്യമിടുന്നത്.
2018ല്‍ കുരുക്ഷേത്രയില്‍ നിന്നുള്ള ഡിഎവി പോലീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഈ സംരംഭം ഏറ്റെടുത്തു. വിദ്യാര്‍ത്ഥികള്‍ പതിവായി, രണ്ട് റൊട്ടികള്‍ പെട്ടിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ജീവനക്കാരും ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. ഭക്ഷണത്തിന് പകരം എല്ലാ മാസവും സ്വമേധയാ പണം നല്‍കുന്ന കുറച്ച് പേരുമുണ്ട്. ഈ പണം ആവശ്യക്കാര്‍ക്ക് ഏറ്റവും മികച്ച ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ വിശേഷാവസരങ്ങളില്‍ പ്രത്യേക ഭക്ഷണവും ഇവര്‍ നല്‍കാറുണ്ട്.
സ്‌കൂളില്‍ ഏകദേശം 850 കുട്ടികളും 40 ലധികം ജോലിക്കാരുമുണ്ടെന്ന് ഡിഎവി പോലീസ് പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മോണിക്ക പറഞ്ഞു. സ്‌കൂളില്‍ ദിവസവും രണ്ടായിരത്തോളം റൊട്ടികളും ശേഖരിക്കുന്നുണ്ട്, അവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് അത് നല്‍കാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നാണ് കുട്ടികളുടെ രക്ഷിതാക്കളും പറയുന്നത്. റൊട്ടി ബാങ്കില്‍ നിക്ഷേപിക്കാനുള്ള റൊട്ടി കൊടുത്തുവിടാന്‍ മറന്നാല്‍, കുട്ടികള്‍ അവരെ ഓര്‍മിപ്പിക്കാറുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഏകദേശം ആറ് വര്‍ഷമായി ഈ റൊട്ടി ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളും ജീവനക്കാരും രക്ഷിതാക്കളും പോലീസ് വകുപ്പും ഈ ഉദ്യമത്തിന് പിന്തുണയുമായുണ്ട്. കൂടുതല്‍ ആളുകളെ ഇത്തരം സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ പ്രോത്സാഹിപ്പിക്കാറുമുണ്ട്.
ഏകദേശം 5 വര്‍ഷമായി പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പാചകക്കാരിയായ സീത പറഞ്ഞു. ഇതൊരു സേവനമായിട്ടാണ് കാണുന്നത്. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സീത പറഞ്ഞു.