വയലാര്‍ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി പുരസ്കാര ജേതാവ് ശ്രീകുമാരന്‍ തമ്പി. അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം ഉണ്ട്. മുന്‍പ് മനപൂര്‍വം എനിക്ക് മൂന്ന് നാല് തവണ വയലാര്‍ അവാര്‍ഡ് തരാതിരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.ഒരു മഹാ കവി തനിക്ക് അവാർഡ് തരാതിരിക്കാനുള്ള ഇടപെടൽ നടത്തി. താൻ മലയാള അക്ഷരം മുഴുവൻ പഠിച്ചിട്ട് വരട്ടെ എന്നാണ് ആ മഹാകവി പറഞ്ഞത്. എന്നാൽ അയാളെക്കാൾ കൂടുതൽ പാട്ടുകൾ താൻ എഴുതി. എല്ലാത്തിനും സാക്ഷി കാലമാണ്. എന്നോടൊപ്പം ജനങ്ങളും എൻ്റെ പാട്ടുകളും ഉണ്ട്. ഇപ്പൊൾ എന്നെ ഒഴിവാക്കാൻ കഴിയാത്തതിനാലാണ് അവാർഡ് ലഭിച്ചത്.
‘പ്രയാറില്‍ കേരള പാണിനി എ.ആര്‍ രാജരാജ വര്‍മ്മയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു എനിക്ക് വയലാര്‍ പുരസ്കാരം ലഭിച്ചെന്ന വിവരമറിഞ്ഞത്. ഇതില്‍ ഒരു നിമിത്തമുണ്ടെന്ന് തോന്നുന്നു. കാരണം പലതവണ മനപൂര്‍വ്വം എനിക്ക് താരാതിരുന്ന അവാര്‍ഡ് ആണിത്. യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. എന്‍റെ കൂടെ ജനങ്ങളുണ്ട്. എഞ്ചിനീയറുടെ വീണ എന്ന എന്‍റെ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തീരുമാനിച്ചതാണ്. ഒരു മഹാകവിയാണ് അത് വെട്ടിക്കളഞ്ഞ് , അവന്‍ പോയി മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിക്കട്ടെ എന്നിട്ട് കൊടുക്കാമെന്ന് പറഞ്ഞത്. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ അയാളെക്കാൾ കൂടുതൽ പാട്ടുകളെഴുതി.
വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
എന്നെ സംബന്ധിച്ചിടത്തോളം മനപൂര്‍വം എനിക്ക് തരാതിരുന്നതാണ് വയലാര്‍ അവാര്‍ഡ്. തുറന്നുപറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, മൂന്ന് നാല് തവണ എനിക്ക് അവാര്‍ഡ് തരാന്‍ തീരുമാനിച്ചിട്ട് അവസാനം മാറ്റി.അമ്മയ്ക്കൊരു താരാട്ടിന് എനിക്ക് അവാര്‍ഡുണ്ടെന്ന് വിളിച്ചുപറഞ്ഞിരുന്നു. പ്രസാദകരോട് പുതിയ പതിപ്പ് വരെ ഇറക്കാന്‍ പറഞ്ഞു. എന്നിട്ടും അവസാന നിമിഷം ഒഴിവാക്കി. പക്ഷെ എന്നെങ്കിലും സത്യം വിജയിക്കും കാലമാണ് എല്ലാം തിരുമാനിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ അവാര്‍ഡ് കിട്ടിയില്ലെങ്കിലും ശ്രീകുമാരന്‍ തമ്പിക്കൊപ്പം ജനങ്ങളുണ്ട്. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. ഞാന്‍ ആരാണെന്ന് ജനങ്ങളാണ് തിരുമാനിക്കുന്നത് അവാര്‍ഡുകളല്ല. എന്‍റെ കവിത എന്താണ് , എന്‍റെ പാട്ടുകളെന്താണ് എന്‍റെ ആത്മകഥ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്.
‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് ശ്രീകുമാരന്‍ തമ്പിക്ക് ഇത്തവണത്തെ വയലാര്‍ പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കും.വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര പ്രഖ്യാപിച്ചത്.