മണിപ്പൂര്‍ വിഷയത്തിലെ യുഎന്‍ വിദഗ്ധരുടെ അഭിപ്രായം തള്ളി ഇന്ത്യ. വിദഗ്ധരുടെ അഭിപ്രായം അനാവശ്യവും തെറ്റിദ്ധാരണജനകവുമാണെന്നും സംസ്ഥാനത്തെ സ്ഥിതി സമാധാനപരമാണെന്നും ഇന്ത്യ പ്രതികരിച്ചു. മനുഷ്യവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കിയ കുറിപ്പിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കുറിപ്പില്‍ പറയുന്നു.
” ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. മണിപ്പൂരിലെ ജനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും,” എന്നാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി അറിയിച്ചത്. വിദഗ്ധരുടെ നിരീക്ഷണം തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
മണിപ്പൂരില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ച് യുഎന്‍ വിദഗ്ധരുടെ സംഘം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ടIndia: UN experts alarmed by continuing abuses in Manipur’ എന്ന തലക്കെട്ടിലാണ് യുഎന്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സ്‌പെഷ്യല്‍ പ്രോസിജ്യര്‍ മാന്‍ഡേറ്റ് ഹോള്‍ഡേഴ്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണത്തിന് കാത്തിരിക്കാതെ പത്രക്കുറിപ്പ് പുറത്തിറക്കിയതിലുള്ള നിരാശയും ഇന്ത്യന്‍ പ്രതിനിധി പ്രകടിപ്പിച്ചിരുന്നു.
ഭാവിയില്‍ വസ്തുതകളെ അടിസ്ഥാനമാക്കി എസ്പിഎംഎച്ച് തങ്ങളുടെ വിലയിരുത്തലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. മനുഷ്യവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു.
കൂട്ടബലാത്സംഗം, സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി നടത്തല്‍, ക്രൂരമായ മര്‍ദ്ദനം എന്നിവ സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് യുഎന്‍ വിദഗ്ധര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ മേയ് 3-നാണ് മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ തുടക്കം. പട്ടികവര്‍ഗ (എസ്ടി) പദവിക്കായുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരേ ചുരാചന്ദ്പുര്‍ ജില്ലയില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. മാര്‍ച്ചിനിടെ സായുധരായ പോലീസ് മെയ്തി വിഭാഗത്തില്‍പ്പെട്ട ആളുകളെ ആക്രമിച്ചു, ഇത് താഴ് വരയിലെ ജില്ലകളില്‍ അക്രമ സംഭവങ്ങളുണ്ടാനും കാരണമായി.
ആരാണ് കുക്കികള്‍?
ഇന്ത്യയിലെ മലയോരമേഖലയിലുള്ള നിരവധി ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണ് കുക്കി ഗോത്രവിഭാഗം. മണിപ്പൂര്‍, മിസോറം, അസം, ത്രിപുര, നാഗാലാന്‍ഡ് എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇവര്‍ കൂടുതലായുമുള്ളത്.
മണിപ്പൂരിലെ ചുരാചന്ദ്പുരിലെ മലയോര മേഖലയാണ് കുക്കി വിഭാഗം കൂടുതലായുള്ളത്. എന്നിരുന്നാലും മണിപ്പൂരിലെ ചന്ദേല്‍, കാങ്പോക്പി, തെങ്നൗപാല്‍, സേനാപതി ജില്ലകളിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്.
മിസോ മലനിരകളിലാണ് കുകി വിഭാഗത്തിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. മിസോറാമിലെ തെക്ക്-കിഴക്കന്‍ മേഖലയിലെ മലനിരകളിലാണ് ഇത് ഉള്‍പ്പെടുന്നത്. ഈ വിഭാഗം വീണ്ടും ഇരുപതോളം ഉപവിഭാഗങ്ങളായും തരംതിരിച്ചിട്ടുണ്ട്.
ആരാണ് മെയ്തികള്‍?
മണിപ്പുരിലെ പ്രബല ഗോത്രവര്‍ഗവിഭാഗമാണ് മെയ്തി. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്. ഇവരില്‍ ഭൂരിഭാഗവും ഇംഫാലിലെ മലനിരകളിലാണ് അധിവസിക്കുന്നത്. കൂടാതെ, അസം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിലും ഇവര്‍ താമസിക്കുന്നുണ്ട്. മെയ്തി വിഭാഗത്തില്‍ എട്ട് ശതമാനം പേര്‍ മുസ്ലിം വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ മെയ്ത് പാംഗലുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇതര ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് മെയ്തികള്‍ മികച്ച രീതിയില്‍ വിദ്യാഭ്യാസം നേടിയവരും ബിസിനസിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നവരുമാണ്.