പ്രത്യേക കൗൺസിൽ യോ​ഗം അലങ്കോലമാക്കി ബിജെപി

പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വിളിച്ചുചേർത്ത കോർപറേഷൻ കൗൺസിൽ യോഗം ബിജെപി അം​ഗങ്ങൾ തന്നെ അലങ്കോലപ്പെടുത്തി. മഴക്കാല ശുചീകരണം, സ്മാർട്ട് റോഡുകളുടെ നിർമാണം എന്നിവ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ച പ്രത്യേക കൗൺസിലാണ് അലങ്കോലപ്പെടുത്തിയത്. യോഗത്തിനിടെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ മേടയിൽ വിക്രമൻ മറുപടി പറയാൻ തുടങ്ങിയപ്പോൾ വനിതകൾ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ആക്രോശിച്ചുകൊണ്ട് നടുത്തളത്തിലിറങ്ങി. പ്രതിപക്ഷം മുൻകൂട്ടി ആസൂത്രണം ചെയ്ത് യോ​ഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതായി  ‍ഡി ആർ അനിൽ പറഞ്ഞതോടെ  ബിജെപി അംഗങ്ങൾ മൈക്ക് പിടിച്ചുവാങ്ങി.  പ്രതിഷേധം അവസാനിപ്പിച്ച് ചർച്ച ചെയ്യണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പലതവണ ആവർത്തിച്ചെങ്കിലും ബിജെപി അംഗങ്ങൾ ബഹളം തുടർന്നു. തുടർന്ന്  മഴക്കാലപൂർവ ശുചീകരണത്തിനായി വാർഡുകൾക്ക് നേരത്തേ നൽകിയ തുകയ്ക്കു പുറമെ അധിക തുകയും നൽകിയെന്ന് ആരോ​ഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു പറഞ്ഞു. ബഹളം തുടർന്നതോടെ  മറുപടി കൗൺസിൽ അംഗീകരിക്കുന്നതായും യോഗം പിരിച്ചുവിടുന്നതായും മേയർ  അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷും കൗൺസിലിൽ പങ്കെടുത്തിരുന്നു.  അധികമായി അനുവദിച്ചത്  
14 ലക്ഷം രൂപ  മഴക്കാലപൂർവ ശൂചീകരണപ്രവർത്തനങ്ങൾ നടപ്പാക്കുകയും സ്മാർട്ട് റോഡുകളുടെ നിർമാണം അതിവേ​ഗം മുന്നോട്ടുപോകുന്നതിനിടെയാണ് ഈ വിഷയത്തിൽ വീണ്ടും ചർച്ച  പ്രതിപക്ഷം ആവശ്യപ്പെട്ടത്.    മഴക്കാലപൂർവ ശുചീകരണത്തിനായി വാർഡ് ഒന്നിന് നൽകിയ ഒരു ലക്ഷം രൂപയ്ക്ക് പുറമെ മഴക്കെടുതി രൂക്ഷമായ ഒമ്പതു വാർഡുകൾക്ക്  14 ലക്ഷംകൂടി രൂപ അനുവ​ദിച്ചതായി ആരോ​ഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു പറഞ്ഞു.

Comments
Spread the News