പ്രായത്തെ മറികടന്ന് അഞ്ചിനു നടക്കുന്ന പ്ലസ്ടു തുല്യതാപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് നേമം സ്വദേശികളായ ദമ്പതികൾ. അമ്പത്താറുകാരനായ പ്രദീപ്കുമാർ പോസ്റ്റ് ഓഫീസ് ക്ലർക്കാണ്. ഗ്രാമീണ ലൈബ്രറിയിലെ ജീവനക്കാരിയാണ് അമ്പത്തൊന്നുകാരിയായ മായാദേവി. ഇപ്പോൾ അവർ ക്ലാസ്‌മേറ്റ്‌സാണ്. കുടുംബകാര്യങ്ങൾ മാത്രമല്ല, പാഠ്യവിഷയങ്ങളും ഇവരുടെ ചർച്ചാവിഷയങ്ങളാണ്. വിവാഹജീവിതം 25–-ാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ജീവിതത്തിൽ എവിടെയോ മറന്നുവച്ച ആഗ്രഹത്തെ പൊടിതട്ടിയെടുത്തത്. മകൾ അപർണയെ “പച്ചമലയാളം’ കോഴ്സിൽ ചേർക്കാൻ പോയപ്പോഴാണ് തുല്യതാ പരീക്ഷയെക്കുറിച്ച് ഇരുവരും അറിയുന്നത്. ഫോർട്ട് യുപി സ്കൂളിലെ കേന്ദ്രത്തിൽ ഹ്യുമാനിറ്റീസിന് ചേർന്നു. ജോലി കഴിഞ്ഞുകിട്ടുന്ന സമയങ്ങളിൽ ഒരുമിച്ചിരുന്ന് പഠിക്കും. സംശയങ്ങൾ പരസ്പരം ചോദിച്ചുമനസ്സിലാക്കും. എല്ലാ ക്ലാസിലും മുടങ്ങാതെ പോകാനും ശ്രമിക്കും. 62 പേരുള്ള ക്ലാസിൽ ആദ്യവർഷം പ്രദീപാണ് ഉയർന്ന മാർക്ക് നേടിയത്. മായാദേവിയും ഒട്ടുംപിന്നിലല്ല. “അപേക്ഷാ ഫോറങ്ങളിൽ യോഗ്യത പത്താം ക്ലാസ് വയ്ക്കുമ്പോൾ വിഷമം തോന്നിയിരുന്നു. പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് ഉപകാരമാണ് ഇത്തരം പദ്ധതികൾ. ഈ യോഗ്യത മറ്റൊന്നിനും ഉപകാരപ്പെട്ടില്ലെങ്കിലും അറിവ് നേടാനായതിലുള്ള ആത്മസംതൃപ്‌തിയണ് പ്രധാനം. കോ–-ഓർഡിനേറ്ററായ ലോന ടീച്ചറുടെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ നല്ല വിജയം നേടാനാകുമെന്ന ആത്മവിശ്വാസമുണ്ട്. അടുത്തവർഷം ഡിഗ്രി ചെയ്യണമെന്നാണ് ആഗ്രഹം.’ – മായാദേവി പറയുന്നു.
കുടുംബശ്രീ പ്രവർത്തകർക്ക് സാങ്കേതിക സാക്ഷരത ഉറപ്പാക്കും: മേയർ
അയൽക്കൂട്ടം, കുടുംബശ്രീ പ്രവർത്തകർക്ക് സാങ്കേതിക സാക്ഷരത ഉറപ്പുവരുത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതി തുല്യതാ പഠിതാക്കളുടെയും കോ–-ഓർഡിനേറ്റർമാരുടെയും സംഗമവും “പച്ചമലയാളം’ കോഴ്‌സിന്റെ കോർപറേഷൻ തല ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു മേയർ. അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പത്താംതരം, ഹയർ സെക്കഡറി തുല്യതാ കോഴ്‌സുകളിലൂടെ 1262 പേർക്കാണ് സൗജന്യ പരിശീലനം നൽകിയത്. മൂന്നാം ഘട്ടത്തിൽ അത് 1305 ആയത് പദ്ധതി കൂടുതൽ പേരിലേക്കെത്തി എന്നതിന് തെളിവാണെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ എ ജി ഒലീന, സ്ഥിരംസമിതി അധ്യക്ഷരായ പാളയം രാജൻ, ഷാജിദാ നാസർ, ക്ലൈനസ് റൊസാരിയോ, മേടയിൽ വിക്രമൻ, സി എസ് സുജാ ദേവി, സാക്ഷരതാമിഷൻ കോ–- ഓർഡിനേറ്റർമാരായ കെ വി രതീഷ്, ടി വി ശ്രീജൻ, പ്രോജക്ടേ് കോ–-ഓർഡിനേറ്റർ ബി സജീവ് എന്നിവർ സംസാരിച്ചു.