മോൻസൻ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറവച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

തിരുവനന്തപുരം : മോൻസൻ മാവുങ്കല്‍ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ചതായി പെൺകുട്ടിയുടെ മൊ‍ഴി. മോൻസനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടിയാണ് ക്രൈംബ്രാഞ്ചിന് മൊ‍ഴി നൽകിയത്. പലരും പരാതി നൽകാത്തത് ബ്ലാക്ക് മെയിലിങ്‌ ഭയന്നിട്ടാണെന്നും പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

പോക്സോ കേസില്‍ പ്രതിയായ മോന്‍സനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മോന്‍സന്‍ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളി ക്യാമറ വെച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊ‍ഴി. തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തുന്നവരുടെയും അവിടെ നടന്നിരുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു.

ക‍ഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ മോന്‍സന്‍റെ വീട്ടിലെത്തിച്ച് വിവര ശേഖരണം നടത്തിയിരുന്നു. ഫോറന്‍സിക്ക് സംഘം ഇവിടെ നിന്ന് ചില തെളിവുകളും ശേഖരിച്ചിരുന്നു. കേസില്‍ ഉടന്‍ മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. നിലവില്‍ മോന്‍സന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ ക‍ഴിയുന്നതിനാല്‍ എറണാകുളം എസിജെഎം കോടതിയുടെ അനുമതിയോടെയാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

Comments
Spread the News