ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക്

ഇടുക്കി : ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നു സൈറണുകള്‍ മുഴക്കിയശേഷമാണ് ഡാം തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്.

മൂന്ന് ഷട്ടറുകളും 35 സെന്റീമീറ്ററാണ് ഉയര്‍ത്തുന്നത് 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറക്കുന്നത് . റൂള്‍ കര്‍വ് അനുസരിച്ചാണ് ഡാം തുറന്നതെന്ന്
വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 ഓടെ ജലനിരപ്പ് 2397.64 അടിയായിരുന്നു .

മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ന്യൂനമര്‍ദസാധ്യതയും കണക്കിലെത്ത് ചെറുതോണിയില്‍ നിന്ന് സെക്കന്‍ഡില്‍ 100 ക്യുമെക്സ്(ഒരു ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ദുരന്തനിവാരണ വിഭാഗം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ശേഷിയുടെ 93.74 ശതമാനം വെള്ളമുണ്ട്.

വെള്ളം ലോവര്‍ പെരിയാര്‍വഴി ആലുവയിലേക്ക്

ഇടുക്കി : ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറില്‍ രണ്ടെണ്ണമാണ് ആദ്യം തുറക്കുക. വെള്ളം 20 കിലോമീറ്റര്‍ പിന്നിട്ട് ലോവര്‍ പെരിയാര്‍ അണക്കെട്ടിലെത്തും. തുടര്‍ന്ന് കരിമണല്‍വഴി ഇടുക്കി അതിര്‍ത്തിയായ നേര്യമംഗലത്തെത്തി എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ജലസേചന കേന്ദ്രത്തിലും അവിടെനിന്ന് ആലുവയിലേക്കും ഒഴുകും. ഇവിടെനിന്ന് രണ്ടായി പിരിഞ്ഞ് അറബിക്കടലിലും വേമ്പനാട്ട് കായലിലും വെള്ളം പതിക്കും. ചെറുതോണിയില്‍നിന്ന് 90 കിലോമീറ്റര്‍ പിന്നിട്ടാണ് എറണാകുളത്ത് എത്തുന്നത്. ചെറുതോണി അണക്കെട്ടില്‍നിന്നും തുറന്നുവിടുന്ന ജലം ആലുവയിലെത്താന്‍ എട്ടര മണിക്കൂറിലേറെ എടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ഇടുക്കി പെരിയാര്‍ തീരങ്ങളിലെ 222 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചു. അഞ്ച് വില്ലേജിലായി 64 കുടുംബത്തിലുള്ളവരെയാണ് മാറ്റുന്നത്.

ഉയര്‍ത്തല്‍ നാലാംതവണ

കമീഷന്‍ ചെയ്തശേഷം 1981, 1992, 2018 വര്‍ഷങ്ങളിലാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ആദ്യ രണ്ട് ഘട്ടത്തില്‍ ജലനിരപ്പ് യഥാക്രമം 2402.17, 2401.44 അടി പിന്നിട്ടപ്പോഴാണ് ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍, 2018ല്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് 2398.98 അടിയായപ്പോള്‍ തുറന്നു.

ഇടുക്കിയുടെ ഭാഗമായ ചെറുതോണിയിലെ ഷട്ടറാണ് ഉയര്‍ത്തുന്നത്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, കലക്ടര്‍ ഷീബ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 2395– 2396 അടിയില്‍ വെള്ളം നിയന്ത്രിച്ചുനിര്‍ത്തുക എന്നതാണ് തീരുമാനമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍, പമ്പ അണക്കെട്ടിന്റെ ഷട്ടറും രാവിലെ തുറക്കും. വെള്ളം ലോവര്‍ പെരിയാര്‍ വഴി ഇടമലയാറിലേക്കാണ് എത്തുന്നത്.

Comments
Spread the News