കോപ്പ അമേരിക്ക: എ ഗ്രൂപ്പില്‍ ചിലിക്കെതിരെ പരാഗ്വേയ്ക്ക് ജയം

കോപ്പ അമേരിക്ക  എ ഗ്രൂപ്പ് മത്സരത്തില്‍ ചിലിക്കെതിരെ പരാഗ്വേയ്ക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പരാഗ്വേയുടെ വിജയം. മറ്റൊരു മത്സരത്തില്‍ ഉറുഗ്വായ് രണ്ടു ഗോളിന് ബൊളീവിയയെ തകര്‍ത്തു.കോപ്പ കണ്ട ആവേശപ്പോരുകളിലൊന്നായിരുന്നു പരാഗ്വേയ് ചിലി മത്സരം. കളിയില്‍ ആധിപത്യം പുലര്‍ത്തിയത് ചിലിയാണെങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റി പരാഗ്വേ പോരാളികള്‍ വിജയം കൈപ്പിടിയിലൊതുക്കി.

33-ാം മിനുട്ടില്‍ ആല്‍മിറോണിന്റെ കോര്‍ണറില്‍ നിന്ന് ചിലിയെ ഞെട്ടിച്ച് ബ്രയാന്‍ സമുദിയോവിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ ഗോള്‍.ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയതോടെ പരാഗ്വേ ഗോള്‍ മുഖത്ത് ചിലിയുടെ ആക്രമണം. ചിലിയുടെ ആക്രമണങ്ങളുടെ മുനയൊടിച്ച് പരാഗ്വേ പ്രതിരോധ നിരയുടെ ഉശിരന്‍ പ്രകടനം.58-ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ആല്‍മിറോണ്‍ ഗോളാക്കി മാറ്റിയതോടെ ലീഡ് 2-0.

തിരിച്ചുവരവിനായി രണ്ടും കല്‍പിച്ചുള്ള ചിലിയുടെ ആക്രമണത്തെ പ്രതിരോധം ചെറുത്തു നിന്നതോടെ മത്സരത്തില്‍ പരാഗ്വേയ്ക്ക് ആവേശകരമായ വിജയം സ്വന്തം. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ രണ്ടു ഗോളിന് ബൊളീവിയയെ തോല്‍പിച്ചു. ബൊളീവിയക്കെതിരായ മത്സരത്തില്‍ തുടരെ ആക്രമണം നടത്തിയ ഉറുഗ്വേയ്ക്ക് ഫിനിഷിംഗിലെ പോരായ്മകളാണ് കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ തടസ്സമായത്. 40-ാം മിനുട്ടില്‍ ബൊളീവിയുടെ ക്വിന്ററോസിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഉറുഗ്വായ് 79-ാം മിനുട്ടില്‍ എഡിന്‍സണ്‍ കവാനിയിലൂടെ ജയം ഉറപ്പിച്ചു.ഉറുഗ്വായിയുടെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ എ ഗ്രൂപ്പില്‍ നിന്നും പരാഗ്വേ രണ്ടാം സ്ഥാനത്തും ഉറുഗ്വേ നാലാം സ്ഥാനത്തുമാണ്.

Comments
Spread the News