പാരിസിൽ സിറ്റി ; ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന് പിഎസ്‌ജി -മാഞ്ചസ്‌റ്റർ സിറ്റി പോരാട്ടം

മാഞ്ചസ്‌റ്റർ സിറ്റി ഇന്ന്‌ പാരിസിലേക്ക്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ സെമിയിൽ പിഎസ്‌ജിയുമായുള്ള പോരിനാണ്‌ സിറ്റി ഇറങ്ങുന്നത്‌.

ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ തകർത്തെറിഞ്ഞാണ്‌ പിഎസ്‌ജി കാത്തിരിക്കുന്നത്‌. കഴിഞ്ഞ സീസൺ കിരീടപ്പോരിൽ വീഴ്ത്തിയ ബയേണിന്‌ ഇക്കുറി ക്വാർട്ടറിൽ മടക്കടിക്കറ്റ്‌ നൽകിയ പിഎസ്‌ജി നയം വ്യക്തമാക്കി കഴിഞ്ഞു. ബയേണിനുമുമ്പ്‌ ബാഴ്‌സലോണയും പിഎസ്‌ജിയുടെ കൈയിൽ പിടഞ്ഞു. അതിനാൽത്തന്നെ പിഎസ്‌ജിക്കെതിരെ സിറ്റിക്ക്‌ ആശങ്കയുണ്ട്‌. ഡോർട്ട്‌മുണ്ടിനെ മറികടന്നാണ്‌ സിറ്റി സെമിയിലേക്കെത്തിയത്‌. സിറ്റി പരിശീലകൻ പെപ്‌ ഗ്വാർഡിയോളയും പിഎസ്‌ജി പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോയും പലതവണ മുഖാമുഖം വന്നിട്ടുണ്ട്‌. കളിക്കാരായിരുന്നപ്പോൾ ഗ്വാർഡിയോള ബാഴ്‌സയ്‌ക്കും പൊച്ചെട്ടീനോ എസ്‌പാന്യോളിനും ബൂട്ടുകെട്ടി. പരിശീലകരായി എത്തിയപ്പോൾ പൊച്ചെട്ടീനോയ്‌ക്കാണ്‌ മുൻതൂക്കം. രണ്ട്‌ വർഷംമുമ്പ്‌ പൊച്ചെട്ടീനോയുടെ ടോട്ടനം ഹോട്‌സ്‌പർ ഗ്വാർഡിയോളയുടെ സിറ്റിയെ ക്വാർട്ടറിൽ മടക്കിയിട്ടുണ്ട്‌. പിഎസ്‌ജിയിൽ പൊച്ചെട്ടീനോയുടെ വീര്യവും കൂടി. ഈ സീസൺ മധ്യത്തിൽ തോമസ്‌ ടുഷെലിന്‌ പകരമായാണ്‌ പൊച്ചെട്ടീനോ പിഎസ്‌ജിയിൽ എത്തിയത്‌. നെയ്‌മറും കിലിയൻ എംബാപ്പെയുമാണ്‌ പിഎസ്‌ജിയുടെ ആയുധങ്ങൾ. ഗോൾ കീപ്പർ കെയ്‌ലർ നവാസും പിഎസ്‌ജിയുടെ മുന്നേറ്റത്തിൽ നിർണായക ഘടകമാണ്‌. പരിക്കുമാറിയ എംബാപ്പെ ഇന്ന്‌ കളിക്കുമെന്നാണ്‌ സൂചന. സിറ്റി കെവിൻ ഡി ബ്രയ്‌നിന്റെ പ്രകടനത്തെ ആശ്രയിച്ചാകും മുന്നേറുക. ഗോളടിക്കാരുടെ അഭാവമാണ്‌ സിറ്റിയുടെ ആശങ്ക. മധ്യനിരയിൽ ഇകായ്‌ ഗുൺഡോവൻ, ഫിൽ ഫോദെൻ എന്നിവരുടെ പ്രകടനങ്ങളും നിർണായകമാകും.

 

Comments
Spread the News