
തിരുവനന്തപുരം : നാൽപ്പത്തിയൊന്നാം സ്ഥാപകദിനം ആഘോഷിച്ച് ഡിവൈഎഫ്‌ഐ.പേരാട്ടത്തിന്റെയും ത്യാഗത്തിന്റെയും നാല് പതിറ്റാണ്ട് പിന്നിടുകയാണ് ഈ യുവജന സംഘടന.
സ്ഥാപകദിനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം പതാക ഉയർത്തി. സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് തുടങ്ങിയവരും പങ്കെടുത്തു. ബ്ലോക്ക് കമ്മിറ്റികളിലടക്കം സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാകമ്മിറ്റി യൂത്ത് സെന്റർ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാപകദിനത്തിൽ ഉദ്ഘാടനം ചെയ്തു.
ആവശ്യക്കാർക്ക് പൊതിച്ചോറ് എത്തിച്ചതിലൂടെയും പ്രളയകാലത്ത് നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങളിലൂടെയും കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഡിവൈഎഫ്‌ഐ സ്ഥാനം നേടിയിട്ടുണ്ട്.