വിവാദമായ പെഗാസസ് ചാരവൃത്തി ഇടപാടില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി. രാജ്യസുരക്ഷയുടെ പേരുംപറഞ്ഞ് ഉരുണ്ടുകളിക്കാന്‍ ശ്രമിച്ച ബിജെപി സര്‍ക്കാരിനുള്ള തിരിച്ചടിയായി കോടതി ഉത്തരവ്. അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപെടാനാകില്ലെന്ന് വിമര്‍ശിച്ചു. റിട്ടയേര്‍ഡ് ജഡ്ജി ആര് വി രവീന്ദ്രന് അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക.
ഇസ്രയേലിന്റെ ആയുധം
ഒറ്റ ക്ലിക്കിന്റെപോലും ആവശ്യമില്ലാതെ ഏത് ഫോണിലും നുഴഞ്ഞുകയറാവുന്ന ചാര സോഫ്റ്റ്വെയറായ പെഗാസസിനെ ഇസ്രയേല്‍ പരിഗണിക്കുന്നത് ആയുധമായി. സ്വകാര്യ കമ്പനിയായ എന്‍എസ്ഒയാണ് നിര്‍മാതാക്കളെങ്കിലും പെഗാസസ് ആര്‍ക്കെങ്കിലും കൈമാറുന്നതിന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമാണ് പെഗാസസ് കൈമാറുന്നതെന്നാണ് ഇസ്രയേല്‍ നിലപാട്.
ടെല്‍അവീവ് കേന്ദ്രമായ എന്‍എസ്ഒയ്ക്ക് ആ പേര് ലഭിച്ചത് സ്ഥാപകരായ നിവ്, ഷാലെവ്, ഒമ്റി എന്നിവരുടെ പേരുകളിലെ ആദ്യ അക്ഷരമെടുത്താണ്. ഇസ്രയേല്‍ ഇന്റലിജന്‍സ് കോറിന്റെ യൂണിറ്റ് 8200ലെ അംഗങ്ങളായിരുന്നു നിവും ഷാലെവും ഒമ്റിയും. സിഗ്നലുകള്‍ പിടിച്ചെടുത്തുള്ള ഇന്റലിജന്‍സ് ശേഖരമാണ് യൂണിറ്റ് 8200ന്റെ ചുമതല. സിഗിന്റ് നാഷണല്‍ യൂണിറ്റ് എന്നുകൂടി അറിയപ്പെടുന്ന ഈ യൂണിറ്റ് ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ വിഭാഗമാണ്.
ഇന്ത്യയിലേക്ക്
2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതോടെ ഇസ്രയേലുമായി ഇന്ത്യയുടെ സൈനിക സഹകരണത്തില്‍ വലിയ വര്‍ധനയുണ്ടായി. നിലവില്‍ ഇന്ത്യയ്ക്ക് ആയുധം വില്‍ക്കുന്നവരില്‍ നാലാംസ്ഥാനത്താണ് ഇസ്രയേല്‍. 2017 ജൂലൈയില്‍ മോഡി ഇസ്രയേല്‍ സന്ദര്‍ശിച്ചു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചത്. പിന്നീടാണ് ഇന്ത്യയില്‍ പെഗാസസ് ചോര്‍ത്തല്‍ തുടങ്ങിയത്.
ഇന്ത്യയെ ചോര്‍ത്തി
കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ പാര്‍ടി നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോണ്‍ വിവരം പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി 2021 ജൂലൈ 18നാണ് വാര്‍ത്ത പുറത്തുവന്നത്. ഒരു സുപ്രീംകോടതി ജഡ്ജി, മൂന്ന് പ്രധാന പ്രതിപക്ഷ പാര്‍ടി നേതാക്കള്‍, നാല്‍പ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ മേധാവികളും മുന്‍ മേധാവികളും, വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥര്‍ തുടങ്ങിയവരെയാണ് ചോര്‍ത്തിയത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും മോഡിവിരുദ്ധ പക്ഷത്തിലുള്ള നിതിന്‍ ഗഡ്കരിയും ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമാത്രമാണ് പെഗാസസ് സേവനം നല്‍കുന്നത്. മോഡി- അമിത് ഷാ കൂട്ടുകെട്ടിന് താല്‍പ്പര്യമില്ലാത്തവരാണ് ചോര്‍ത്തലിന് വിധേയരായത്. ഇതോടെ, കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായി.
ദ വയര്‍, വാഷിങ്ടണ്‍ പോസ്റ്റ്, ദ ?ഗാര്ഡിയന്, ലെ മൊണ്ടെ തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങള്‍ ‘പെഗാസസ് പ്രോജക്ട്’ എന്ന പേരില്‍ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമാണ് ചോര്‍ത്തല്‍ പുറത്തുവന്നത്.
മോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ഡല്‍ഹി കേന്ദ്രമായ ഒരുകൂട്ടം മാധ്യമങ്ങളാണ് ചോര്‍ത്തലിന് ഇരയായത്. ദ വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്, എം കെ വേണു, അമിത് ഷായുടെ മകന് ജയ് ഷായുടെ വരുമാന വര്‍ധന റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിങ്, റഫേല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസിലെ സുശാന്ത് സിങ്, ന്യൂസ് ക്ലിക്കിലെ പരഞ്ജോയ് ഗുഹ താക്കൂര്‍ത്ത, ഹിന്ദുസ്ഥാന്‍ ടൈംസിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ശിശിര്‍ ഗുപ്ത, പ്രശാന്ത് ഝാ, രാഹുല്‍ സിങ്, ഇന്ത്യന്‍ എക്സ്പ്രസിലെ റിതിക ചോപ്ര, മുസമ്മില്‍ ജമീല്‍, ഇന്ത്യ ടുഡെയിലെ സന്ദീപ് ഉണ്ണിത്താന് തുടങ്ങിയവര്‍ ചോര്‍ത്തപ്പെട്ടു. ബിജെപി അനുകൂല പത്രമായ പയനീറിലെ മലയാളി മാധ്യമപ്രവര്ത്തകന് ജെ ഗോപീകൃഷ്ണനും പട്ടികയിലുണ്ട്. മലയാളിയായ പ്രൊഫസര്‍ ഹാനിബാബു ഉള്‍പ്പെടെ ഭീമ കൊറേ?ഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍, വിദ്യാഭ്യാസ വിദ?ഗ്ധര്‍, അഭിഭാഷകര്‍ എന്നീ എട്ടുപേരുടെ ഫോണുകളും ചോര്‍ത്തി.
ചോര്‍ന്ന പട്ടികയില്‍ പേരുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ള 67 പേരുടെ ഫോണാണ് പരിശോധിച്ചത്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സുരക്ഷാ ലാബിലായിരുന്നു ചാരസോഫ്റ്റ്വെയര് സംബന്ധിച്ച സൂചന ഫോണില്‍ നിന്ന് കിട്ടുമോയെന്ന പരിശോധന. ഇന്ത്യയടക്കം 10 രാജ്യങ്ങളിലായി ആയിരത്തിലേറെ ഫോണ്‍ ചോര്‍ത്തപ്പെട്ടു.
അന്തര്‍ദേശീയ മാധ്യമങ്ങളായ സിഎന്‍എന്‍, റോയിട്ടേഴ്സ്, ഇക്കണോമിസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയവയിലെ മാധ്യമപ്രവര്‍ത്തകരെയും ചോര്‍ത്തി.
കണ്ടെത്തല്‍ ഇങ്ങനെ
23 ഫോണില്‍ ചാര സോഫ്റ്റ്വെയറിന്റെ ശേഷിപ്പ് കണ്ടെത്തി. 14 ഫോണില്‍ കടന്നുകൂടാന്‍ ശ്രമിച്ചതായും വ്യക്തമായി. ചിലര്‍ ഫോണ്‍ മാറ്റിയത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30 എണ്ണത്തില്‍ കൃത്യഫലം കിട്ടിയില്ല.
പരിശോധിച്ച 15 ആന്‍ഡ്രോയിഡ് ഫോണില്‍ ചാര സോഫ്റ്റ്വെയര് കണ്ടെത്തിയില്ല. ആന്‍ഡ്രോയിഡ് ഇത്തരം വിവരം സൂക്ഷിക്കാത്തതാണ് കാരണം. ഹിന്ദു റിപ്പോര്‍ട്ടര്‍ വിജൈത സിങ്ങിന്റെ ഉള്‍പ്പെടെ മൂന്ന് ആന്‍ഡ്രോയിഡ് ഫോണിനെ പെഗാസാസ് ലക്ഷ്യമിട്ടതായും കണ്ടെത്തി.
ഇസ്രയേലിലും ഫ്രാന്‍സിലും അന്വേഷണം
പെഗാസസിലൂടെ ലക്ഷ്യംവച്ചവരുടെ പട്ടികയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമുണ്ട്. എന്നാല്‍, ചോര്‍ത്തല്‍ സംഭവിച്ചില്ലെന്ന് സമാധാനിച്ചിരിക്കാന്‍ ഫ്രാന്‍സ് തയ്യാറായില്ല. അവര്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. പെഗാസസ് വികസിപ്പിച്ച രാഷ്ട്രമായ ഇസ്രയേല്‍പോലും അന്വേഷണത്തിന് തയ്യാറായി.
ഇന്ത്യയില്‍ പ്രമുഖ പ്രതിപക്ഷനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, ബിസിനസുകാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവരുടെയൊക്കെ ഫോണുകള്‍ ചോര്‍ത്തിയെന്ന് വസ്തുതകള്‍ നിരത്തി മാധ്യമങ്ങള്‍ തെളിയിച്ചിട്ടും അന്വേഷണത്തിന് ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുപോലും തയ്യാറാകാത്തതില്‍നിന്ന് മോഡിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വല്ലാതെ ഭയപ്പെടുന്നുവെന്ന് വ്യക്തമാണ്.
കോടതി ഇടപെടല്‍
ചാരസോഫ്റ്റ്വെയര് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവിദഗ്ധ സമിതിയെ രൂപീകരിച്ചു. അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപെടാനാകില്ലെന്ന് വിമര്‍ശിച്ചു. റിട്ടയേര്‍ഡ് ജഡ്ജി ആര് വി രവീന്ദ്രന് അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
വിദഗ്ധ സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സന്ദീപ് ഒബ്റോയി ( മേധാവി, സൈബര്‍ സെക്യൂരിറ്റി, ടിസിഎസ്) എന്നിവര്‍ അംഗങ്ങളാകും. ഈ സമിതിയെ സഹായിക്കുന്നതിനായി മൂന്നംഗ സാങ്കേതിക സമിതിയെയും കോടതി പ്രഖ്യാപിച്ചു. ഇതില്‍ മലയാളിയായ ഡോ. പ്രഭാകരനും ഉള്‍പ്പെടുന്നു. ഡോ. നവീന്‍ കുമാര്‍ ( ഡീന്‍, നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി), ഡോ. പി പ്രഭാകരന് ( പ്രൊഫസര്‍, സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ്, അമൃത വിശ്വവിദ്യാപീഠം, കൊല്ലം ), ഡോ. അശ്വിന് അനില്‍ ഗുമസ്തെ ( അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരാണ് ഉള്‍പ്പെടുന്നത്.
ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കോടതി അറിയിച്ചു. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സ്വകാര്യത കാത്തു സൂക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയുടെ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എട്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഏഴ് വിഷയങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്.
1- പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ?
2- ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്തി ?
3- 2019ല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ എന്ത് നടപടി സ്വീകരിച്ചു ?
4- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെഗാസസ് വാങ്ങിയോ ?
5- പെഗാസസ് വാങ്ങിയെങ്കില്‍ ഏത് നിയമപ്രകാരം ?
6- സ്വകാര്യ വ്യക്തികള്‍ ഉപയോഗിച്ചെങ്കില് ഏത് നിയമപ്രകാരം ?
7- ഇക്കാര്യത്തില്‍ സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന വിഷയങ്ങള്‍ ഏതൊക്കെ ?
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ബ്രിട്ടാസ് എംപി, അഡ്വ. എം എല്‍ ശര്‍മ, പെഗാസസ് ചാരനിരീക്ഷണത്തിന് ഇരകളായ പരഞ്ജോയ് ഗുഹാ താക്കുര്‍താ, എസ്എന്‍എം ആബ്ദി, പ്രേംശങ്കര്‍ത്സാ, രൂപേഷ്കുമാര്‍ സിങ്, ഇപ്സാശതക്ഷി, ജഗ്ദീപ് ച്ഛോക്കര്‍, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.