പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി; ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപെടാനാകില്ലെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡല്‍ഹി : പെഗാസസ് ചാരവൃത്തിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ വന്‍തിരിച്ചടി. ചാരസോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവിദഗ്ധ സമിതിയെ രൂപീകരിച്ചു. അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപെടാനാകില്ലെന്ന് വിമര്‍ശിച്ചു. റിട്ടയേര്‍ഡ് ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക. അലോക്‌ജോഷി, സന്ദീപ് ഒബ്രോയ്, മലയാളിയായ ഡോ.പ്രഭാകരന്‍ എന്നിവരാണ് സമിതിയിലുള്ളത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. എട്ടാഴ്‌‌ച‌യ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കോടതി അറിയിച്ചു. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സ്വകാര്യത കാത്തു സൂക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ വികസിപ്പിച്ച പെഗാസസ് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ട് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ബ്രിട്ടാസ് എംപി, അഡ്വ. എം എല്‍ ശര്‍മ, പെഗാസസ് ചാരനിരീക്ഷണത്തിന് ഇരകളായ പരഞ്ജോയ് ഗുഹാ താക്കുര്‍താ, എസ്എന്‍എം ആബ്ദി, പ്രേംശങ്കര്‍ത്സാ, രൂപേഷ്‌കുമാര്‍ സിങ്, ഇപ്സാശതക്ഷി, ജഗ്ദീപ് ച്ഛോക്കര്‍, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

Comments
Spread the News