തിരുവല്ലം ടോൾപ്ലാസ; നാട്ടുകാരുടെ വാഹനങ്ങൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം : തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർന്നു. മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കുമരിച്ചന്തമുതൽ കോവളം ഭാഗത്തേക്ക്‌ 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകാം. ഇതിനായി ഒരാഴ്‌ച‌ത്തേക്ക് തിരിച്ചറിയൽ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികൾക്ക് ഉപയോഗിക്കാം. പാസ് വിതരണം ശനിമുതൽ തുടങ്ങും.

ടോൾ പ്ലാസ പ്രദേശത്ത് വെള്ളക്കെട്ട് ഒരാഴ്ചകൊണ്ട് പരിഹരിക്കും. തിരുവല്ലം ജങ്‌ഷനിൽ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെൻഡർ വിളിക്കും. കോവളം പോറോട് പ്രദേശത്തെ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിനായി പാലക്കാട് ഐഐടിയിലെ വിദഗ്ധർ എത്തി റിപ്പോർട്ട് തയ്യാറാക്കും. മന്ത്രിയെ കൂടാതെ കലക്ടർ നവജ്യോത് ഖോസ, ഡിസിപി വൈഭവ് സക്സേന, ദേശീയപാത അതോറിറ്റി പ്രോജക്ട്‌ ഡയറക്ടർ പ്രവീൺ കുമാർ, എം വിൻസെന്റ് എംഎൽഎ, സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ്‌ ഹരികുമാർ, എ ജെ സുക്കാർണോ, കാലടി ജയചന്ദ്രൻ, കരമന അജിത്ത്‌, കെ വി അഭിലാഷ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments
Spread the News