സിപിഐ എം ബ്രാഞ്ച് സമ്മേളനം നടന്ന വീടിനുനേരെ ആർഎസ്എസ് ആക്രമണം

നേമം : വെള്ളായണിയിൽ സിപിഐ എം ബ്രാഞ്ച് സമ്മേളനം നടന്ന വീടിനുനേരെ ആർഎസ്എസ് ആക്രമണം. വെള്ളായണി ലോക്കൽ കമ്മിറ്റിയിലെ കുരുമി ബ്രാഞ്ച് സമ്മേളനം നടന്ന തെന്നൂർകോണം വെട്ടുവിള ശിവദാസന്റെ വീടിനുനേരെയായിരുന്നു ആക്രമണം.
രാത്രി ഏഴരയോടെ മാരകായുധങ്ങളുമായെത്തിയ ആർഎസ്എസ് ഗുണ്ടാസംഘം വീടിനുനേരെ കല്ലെറിഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ശിവദാസനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. സമ്മേളനത്തിനായി കെട്ടിയ തോരണങ്ങളും കൊടികളും പ്രചാരണ ബോർഡുകളും നശിപ്പിച്ചു.
ഒന്നരമാസംമുമ്പ്‌ ശിവദാസൻ ഉൾപ്പെടെ മുപ്പത്തിലധികം കുടുംബങ്ങൾ ആർഎസ്എസ്–ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നിരുന്നു. ഇതാണ്‌ ആക്രമണത്തിന് കാരണമെന്ന്‌ കരുതുന്നു. സംഭവസ്ഥലത്തുനിന്ന്‌ ആർഎസ്എസ് പ്രവർത്തകരും തെന്നൂർ സ്വദേശികളുമായ ജയൻ(മൂക്കുപൊടി), വിഷ്ണു എന്നിവരെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം കൊടുത്ത ഷിജിൻ(മോൻകുട്ടൻ), യുവമോർച്ച കല്ലിയൂർ പഞ്ചായത്ത് സെക്രട്ടറി വിഷ്ണു എന്നിവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments
Spread the News