പണിപൂർത്തിയാകാത്ത ബൈപാസിലെ ടോൾ പിരിവ്‌ ; പ്രതിഷേധം ശക്തമാകുന്നു

പണി പൂർത്തിയാകാത്ത കഴക്കൂട്ടം–-കാരോട് ബൈപാസിൽ തിരുവല്ലത്ത്‌ ടോൾ പിരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടോൾപിരിവ്‌ ചൊവ്വാഴ്ച രാവിലെ എട്ടോടെ പുനരാരംഭിച്ചു. തുടർന്ന്‌ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി.

മുൻപ്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ രാഷ്ട്രീയപാർടി പ്രതിനിധികളുമായി കലക്ടർ ചർച്ച നടത്തിയശേഷം മാത്രമേ ടോൾ പിരിവ് പുനരാരംഭിക്കൂവെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ്‌ പാലിക്കാതെയാണ്‌ വീണ്ടും പിരിവ് തുടങ്ങിയത്.ചൊവ്വാഴ്‌ചയും സിപിഐ എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ടോൾപ്ലാസയിൽ കഞ്ഞി വച്ചായിരുന്നു സിപിഐ എം പ്രവർത്തകരുടെ പ്രതിഷേധം. ടോൾ നൽകാൻ കഴിയില്ലെന്ന്‌ യാത്രക്കാരും നിലപാട്‌ സ്വീകരിച്ചതോടെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.

പ്രതിഷേധം കനത്തതോടെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിപിഐ എം കോവളം ഏരിയ കമ്മിറ്റി അംഗം എ ജെ സുക്കാർണോ, തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് നടേശൻ, തിരുവല്ലം ഉദയൻ, ഇടയാർ തമ്പികുട്ടൻ, അജിതൻ തിരുവല്ലം, പി കുമാരൻ, നെടുമം ശശിധരൻ, പാച്ചല്ലൂർ സുരേഷ്, ഡി ജയകുമാർ, ദീപു പാച്ചല്ലൂർ, സത്യൻ, അഭിലാഷ്, അജയൻ, പാറവിള വിജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ടോൾ പിരിവ് അനുവദിക്കില്ല: സിപിഐ എം

പണിപൂർത്തിയാകാത്ത കഴക്കൂട്ടം –-കാരോട് ബൈപാസിൽ ടോൾ പിരിക്കുന്നത്‌ പ്രതിഷേധാർഹമാണെന്ന്‌ സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പ്രസ്താവനയിൽ അറിയിച്ചു. തിരുവല്ലം കൊല്ലന്തറ ഭാഗത്തെ ടോൾ ബൂത്തിൽനിന്ന്‌ നാല്‌ കിലോമീറ്റർ റോഡ്‌ മാത്രമാണ് പണിപൂർത്തിയാക്കി ഗതാഗതത്തിന്‌ തുറന്നുകൊടുത്തത്‌.

കോവളംമുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ്നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസയ്ക്ക് സമീപത്ത് താമസിക്കുന്നവരുടെ ആശങ്കകൾ പരിഹരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ടോൾ പിരിവ്‌ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

Comments
Spread the News