അമ്പൂരിയിലെ സമൃദ്ധമായ അടുക്കള ഒരുമാസം പിന്നിട്ടു

വെള്ളറട : പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി നോക്കുകുത്തിയായി മാറിയ സാഹചര്യത്തിൽ അമ്പൂരി നിവാസികൾക്ക് സഹായമായി സിപിഐ എം പ്രവർത്തകർ തുടങ്ങിയ സമൂഹ അടുക്കള ഒരുമാസം പിന്നിട്ടു. പട്ടിണിയായവർക്കും രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കുമെല്ലാം ഭക്ഷണം നൽകാൻ ജനകീയ അടുക്കള നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് ചെവിക്കൊണ്ടില്ല.
ഈ സാഹചര്യത്തിലാണ് സിപിഐ എം ജനകീയ പങ്കാളിത്തത്തോടെ ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത, സായാഹ്ന ഭക്ഷണവും നൽകി സമൂഹ അടുക്കള തുടങ്ങിയത്. 200 പേർക്ക്‌ ഭക്ഷണംനൽകി ആരംഭിച്ചെങ്കിലും ആദ്യആഴ്ചയിൽ തന്നെ അത് അഞ്ഞൂറിലധികമായി. ഒരുമാസം പിന്നിടുന്ന ഈ വേളയിലും നിരവധി പേരുടെ സഹായത്താൽ അടുക്കള സമൃദ്ധമാണ്. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി കെ ഹരീന്ദ്രൻ എംഎൽഎ ,വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി തുടങ്ങിയവർ പലവട്ടം അഭിനന്ദനങ്ങളുമായി നേരിട്ടെത്തി.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ്‌ സോണിൽ തുടരുന്ന അമ്പൂരിയിൽ അടുക്കള തുടരും. അമ്പൂരി ലോക്കൽ സെക്രട്ടറി കുടപ്പനമൂട് ബാദുഷ, മധു തോട്ടത്തിൽ, ബി ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഴുവൻ സിപിഐ എം –-ഡിവൈഎഫ്ഐ പ്രവർത്തകരും സജീവമാകുന്നത്.

Comments
Spread the News