തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് കോൺഗ്രസിൽ കലാപം രൂക്ഷമായിരിക്കെയാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.
പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാൻ ശ്രമിക്കുകയാണ്. കൂട്ടു പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല. ഒരാൾക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാൽ പ്രശ്നങ്ങൾ അതേ പടി തുടരുകയേ ഉള്ളു എന്നും ഉണ്ണിത്താൻ വിശദീകരിച്ചു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ, പലയിടങ്ങളിലും മുതിർന്ന കോൺഗ്രസ് നേതാക്കളും, പ്രാദേശിക നേതാക്കന്മാരും ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കി വലിയ തോതിൽ കോൺഗ്രസ്സ് വോട്ടുകൾ ബി.ജെ.പിയ്ക്ക് വേണ്ടി മറിച്ചതും, തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കന്മാർ മനഃപൂർവ്വം ഒഴിഞ്ഞുമാറി നിന്നതും നിരവധി പ്രവർത്തകർക്കിടയിൽ രൂക്ഷമായ എതിരഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു.
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നും നേതൃ നിരയിൽ കാര്യമായ മാറ്റം വേണമെന്നും നേതാക്കളും അണികളും രഹസ്യമായും പരസ്യമായും ആവശ്യപ്പെടുന്നുണ്ട്.