ഒറ്റശേഖരമംഗലം പഞ്ചായത്തിൽ യുഡിഎഫിൽ പൊട്ടിത്തെറി. മുസ്ലിം ലീഗിന് നൽകാറുള്ള സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ലീഗ് പ്രാദേശിക നേതൃത്വം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിച്ചു.
ഐ, എ വിഭാഗങ്ങളായി പരസ്പരം പോരടിച്ചും സ്വയം സ്ഥാനാർഥി ചമഞ്ഞ് പ്രചാരണം നടത്തുന്നവരെയും നിയന്ത്രിക്കാൻ കോൺഗ്രസ് നേതൃത്വം പാടുപെടുകയാണ്. സ്ഥാനാർഥി ആയി സ്വയം അവതരിച്ചവർ നടത്തുന്ന വ്യാപക പണപ്പിരിവും നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്. നേതാക്കൾ കണ്ട് വച്ചിരുന്ന പല പ്രമുഖരെയും സ്ഥാനാർത്ഥികൾ നേരത്തെ കണ്ട് പണം വാങ്ങിയത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന പരാതിയുമായി ഡിസിസി യെ സമീപിക്കാനാണ് നേതാക്കളുടെ തീരുമാനം. എന്നാൽ ഡിസിസി തന്നെ പണം കണ്ടെത്താനാകാതെ വലയുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജില്ലയിലെ ഒരു പ്രമുഖ കോൺഗ്രസ്സ് എംഎൽഎ യുടെ നേതൃത്വത്തിൽ വ്യാപക പിരിവാണ് നടക്കുന്നത്. പാർട്ടി ജില്ല നേതൃത്വത്തെ പൂർണ്ണമായും അവഗണിക്കുകയാണ് എംഎൽഎ എന്നും ഡിസിസി പരാതി പെടുന്നു. ഇതിനിടെ ആണ് കൂനിന്മേൽ കുരു പോലെ പ്രാദേശിക നേതാക്കളും പണം ചോദിക്കുന്നത്.
സ്വതന്ത്രന്റെ പിൻബലത്തോടെ യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പാവപ്പെട്ടവർക്ക് തണലേകുന്ന പദ്ധതികളെല്ലാം അവതാളത്തിലായി. ലൈഫ് പദ്ധതിയിലും തൊഴിലുറപ്പു പദ്ധതിയിലും വൻ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രസിഡന്റിനെ മാത്രം പഴിചാരി തടിയൂരാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ലീഗിന്റെ ചുവടുമാറ്റം. അഴിമതികളുടെ രഹസ്യ കഥകൾ പലതും പുറത്ത് വന്നേക്കുമെന്ന ആശങ്കയും കോൺഗ്രസ്സ് നേതാക്കൾക്കുണ്ട്.