വിജയമോഹിനി മിൽ വീണ്ടും പൂട്ടി

തിരുവനന്തപുരം : വിജയമോഹിനി മില്ലിന്‌ വീണ്ടും പൂട്ട്‌ വീണു. അസംസ്കൃത വസ്തുക്കൾ കിട്ടാതായതോടെയാണ്‌ അനിശ്ചിതകാലത്തേക്ക്‌ മിൽ അടച്ചത്‌. നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷന്‌ കീഴിൽ പ്രവർത്തിക്കുന്ന വിജയമോഹിനി മിൽ കോവിഡിനെത്തുടർന്ന്‌ ഒരു വർഷത്തോളം അടച്ചിട്ടിരുന്നു. പിന്നീട്‌ കഴിഞ്ഞ മാർച്ച്‌ 31 നാണ്‌ വീണ്ടും പ്രവർത്തനമാരംഭിച്ചത്‌.

ആവശ്യമായ അസംസ്കൃത വസ്തുക്കൾ മില്ലിൽ എത്തിക്കണമെന്ന് തൊഴിലാളികൾ പലതവണ മാനേജ്‌മെന്റിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാനേജ്‌മെന്റ്‌ ഇക്കാര്യത്തിൽ അലംഭാവം കാട്ടിയതായി തൊഴിലാളികൾ പറയുന്നു. മെയ്‌ എട്ടിന്‌ ലോക്‌ഡൗണിനെ തുടർന്ന്‌ മിൽ അടച്ചിട്ട്‌ ജൂൺ ഒന്നിനാണ്‌ തുറന്നത്‌. കൂടാതെ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകാത്തതിനെത്തുടർന്ന്‌ നാല്‌ ദിവസം അടച്ചിട്ടിരുന്നു. ഇവ എത്തിക്കാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ്‌ ഇപ്പോൾ അധികൃതരുടെ വാദം. സ്ഥിരം തൊഴിലാളികൾക്ക്‌ മാത്രം 50 ശതമാനം ശമ്പളം എന്ന വാക്കാലുള്ള വ്യവസ്ഥയിലാണ്‌ തൊഴിലാളികളോട്‌ ചൊവ്വാഴ്‌ച മുതൽ മില്ലിൽ എത്തേണ്ടതില്ല എന്ന്‌ പറഞ്ഞിരിക്കുന്നത്‌. അതേസമയം ഏപ്രിലിലെ ശമ്പളം തൊഴിലാളികൾക്ക്‌ നൽകിയിട്ടുമില്ല. ‘അസംസ്‌കൃത വസ്തുക്കൾ തീരുമെന്ന്‌ കണ്ടതോടെ ഞങ്ങൾ ഷിഫ്റ്റ്‌ അടിസ്ഥാനത്തിലാണ്‌ ജോലി ക്രമീകരിച്ചത്‌. എന്നിട്ടും സാധനങ്ങൾ എത്തിക്കാൻ അവർ തയ്യാറായിട്ടില്ല. ഇങ്ങനെ പോയാൽ എന്ന്‌ മിൽ തുറക്കുമെന്ന്‌ അറിയില്ല.’ മില്ലിലെ തൊഴിലാളിയായ എം ടി ആന്റണി പറഞ്ഞു.

400 ഓളം തൊഴിലാളികളിൽ 202 പേർ മാത്രമാണ്‌ സ്ഥിരംജീവനക്കാർ. ബാക്കിയുള്ളവർക്ക്‌ കോവിഡ്‌ തുടങ്ങിയതിൽ പിന്നെ ജോലിയും ശമ്പളവുമില്ല. വിജയമോഹിനിയും അടച്ചതോടെ എൻടിസിക്ക്‌ കീഴിൽ രാജ്യത്തുള്ള 23 മില്ലിൽ ഒന്നുപോലും പ്രവർത്തിക്കാതെയായി. സംസ്ഥാനത്തെ കണ്ണൂർ, തൃശൂർ, കൊല്ലം എന്നിവിടങ്ങളിലുള്ള മില്ലുകളും നേരത്തെ അടച്ചിരുന്നു.

Comments
Spread the News