തിരുവനന്തപുരം നഗരസഭാ നികുതി ക്രമക്കേടില്‍ മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം നഗരസഭാ ക്രമക്കേടില്‍ മുഖ്യപ്രതി അറസ്റ്റില്‍. നേമം സോണല്‍ ഓഫീസിലെ ചാര്‍ജ്ജ് ഓഫീസര്‍ എസ് ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷം പ്രതിഷേധ സമരം തുടരുന്നതിനിടെയാണ് അറസ്റ്റ്. എസ് ശാന്തി 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ നേരത്തെ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശാന്തി ഹൈക്കോടതിയെ സമീപിച്ചു. നവംബര്‍ ഒമ്പതിന് ജാമ്യാപേക്ഷ പരിഗണിക്കും.നഗരസഭ നികുതി ക്രമക്കേടില്‍ ആദ്യം അറസ്റ്റിലായത് ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് ബിജുവായിരുന്നു. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ശ്രീകാര്യം സോണല്‍ ഓഫീസില്‍ നിന്ന് 5,12,785 രൂപ നഷ്ട്ടമായതായാണ് കണ്ടെത്തിയിരുന്നത്. ഓഫീസ് അസിസ്റ്റന്റ് ബിജുവിനു പുറമേ ക്യാഷ്യര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗരസഭയുടെ കീഴിലെ നേമം ശ്രീകാര്യം ആറ്റിപ്ര സോണല്‍ ഓഫീസുകളിലെ നികുതി ക്രമക്കേടില്‍ ഏഴ് ഉദ്യോഗസ്ഥരെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തത്.

Comments
Spread the News