വധക്കേസ് പ്രതിയുടെ കാൽവെട്ടി മാറ്റിയ സംഭവം; ആർഎസ്‌എസ്‌ പ്രവർത്തകർ പിടിയിൽ

ഇടവക്കോട് രാജേഷ് വധക്കേസ് പ്രതി എബിയുടെ കാൽ വെട്ടി മാറ്റിയ പ്രതികൾ പിടിയിൽ. ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ് (28), മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജ് (40,  ബേക്കറി മനോജ്), പേരൂർക്കട ചെട്ടിവിളാകം സ്വദേശി വിനുകുമാർ (43), കുടപ്പനക്കുന്ന് പാതിരിപ്പള്ളി സ്വദേശി അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ ബിജെപി ആർഎസ്എസ് പ്രവർത്തകരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്‌. ഒരാളെ പിടികൂടാനുണ്ട്‌. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അക്രമികളെത്തിയ കാറിന്റെ നമ്പർ ലഭിച്ചിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജിന്റെ കാറിലും ബൈക്കുകളിലുമാണ് അക്രമികൾ എത്തിയത്. മനോജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാറും ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.ബുധനാഴ്ച പകലാണ്‌ ആർഎസ്‌എസ്‌ പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായ എബിക്ക്‌ വെട്ടേറ്റത്. കേസിലെ ഒന്നാം പ്രതിയായ മണിക്കുട്ടന്റെ സംഘാംഗമായിരുന്നു എബി.
മണൽ മാഫിയാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഈ വധത്തിന്‌ പിന്നിൽ. എന്നാൽ രാഷ്‌ട്രീയ ദുഷ്‌ടലാക്കോടെ സംഘപരിവാറുകാർ കൊലപാതകത്തിൽ സിപിഐ എം ബന്ധം ആരോപിച്ച്‌ ദേശവ്യാപകമായി പ്രചാരണം നടത്തുകയും ജില്ലയിൽ പരക്കെ അക്രമം അഴിച്ചുവിടുകയുമായിരുന്നു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എൽ എസ് സാജുവിനെ വധിക്കാൻ ശ്രമിച്ചതും ഈ സംഭവത്തിന്റെ പേരിലായിരുന്നു. എബിയ വെട്ടിയ കേസിലെ ഒന്നാം പ്രതി സുമേഷ് ഈ കേസിലും പ്രതിയാണ്. ഈ സംഭവത്തോടെ ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഹീനമായ രാഷ്‌ട്രീയക്കളിയാണ്‌ തുറന്നുകാട്ടുന്നത്‌.
Comments
Spread the News