പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി.
ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.
ബെംഗളൂരു സ്ഫോടനക്കേസിലെ 31-ാം പ്രതിയായ മഅദനിക്ക് സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കേരളത്തിലെത്തിയത്. തുടർന്ന് കൊല്ലം അൻവാർശേരിയിൽ എത്തി മാതാവിനെയും പിതാവിനെയും സന്ദർശിച്ചശേഷം ചികിത്സയ്ക്കായി എറണാകുളത്ത് താമസിക്കുകയായിരുന്നു.