ലോക് സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി, കേരളത്തിൽ 26 ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 19 ന് ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് ആവും വോട്ടെടുപ്പ്. മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളിലാണ് തെരഞ്ഞെടുപ്പിൻ്റെ മറ്റ് ഘട്ടങ്ങൾ.

രാജ്യത്ത് മൊത്തം ഏഴ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് പൂർത്തിയാക്കുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍  രാജീവ് കുമാർ അറിയിച്ചു. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 നാവും വോട്ടെണ്ണൽ.

ജൂണ്‍ നാല് വരെ നീളുന്ന മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യഘട്ടം വിവിധ നിയമസഭകളിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ഒപ്പമാവും ഇത്.

നിയമസഭാ തെരഞ്ഞെടുപ്പ് 

1. ആന്ധ്രാ പ്രദേശ്  വോട്ടെടുപ്പ് -മെയ് 13ന്

2. സിക്കിം- ഏപ്രിൽ 19 ന്

3. ഒറീസ- മെയ് 13 ന്

4. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്

തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കശ്മീർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവയിൽ ഇല്ല.

കേരളത്തിൽ പ്രചാരണത്തിന് കഷ്ടിച്ച് 40 ദിവസം

കേരളത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം മാർച്ച് 28 ന് തുടങ്ങും. പൂർത്തിയാക്കൽ ഏപ്രിൽ നാലിന്. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് ഒരുമിച്ചാവും. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഏപ്രിൽ എട്ട് വരെ അവസരം നൽകും.

543 സീറ്റുകൾ 96.7 കോടി വോട്ടർമാർ

ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

18 ാം ലോക് സഭയിലെ 543 സീറ്റുകളിലായാണ് തെരഞ്ഞെടുപ്പ്. 96.8 കോടി വോട്ടർമാരാണ് വിധി നിശ്ചയിക്കുക. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളാവും വോട്ട് രേഖപ്പെടുത്താനായി ഒരുക്കുക. വനിതാ വോട്ടർമാർ 47.1 കോടി. പുരുഷ വോട്ടർമാർ 49.7 കോടി എന്ന സംഖ്യയുമായി മുന്നിലാണ്. എങ്കിലും ഇത്തവണ വനിതാ വോട്ടർമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടെന്നും ഇലക്ഷൻ കമ്മീഷണർ പറഞ്ഞു.

19.74 യുവ വോട്ടർമാരാണ്. ഇവരിൽ 1.82 കോടി പുതിയ വോട്ടർമാരാണ്. 100 വയസ്സ് കഴിഞ്ഞ 2.18 ലക്ഷം വോട്ടർമാരുണ്ട്. ഇത്തവണ വീടുകളിൽ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സൌകര്യം ഒരുക്കുന്നുണ്ട്. 85 കഴിഞ്ഞവർക്കാണ് സൌകര്യം. ഈ പ്രായ പരിധിയിൽ ഒരു കോടിയോളം പേർ വരും. ഇതോടൊപ്പം ഇലക്ഷൻ ഐ ഡി കാർഡുകൾ മെബൈൽ ഫോണിൽ ലഭ്യമാക്കാനുള്ള സൌകര്യവും ഇത്തവണ ഒരുക്കുന്നുണ്ട്.

സോഷ്യൽ മീഡിയയ്ക്ക് മുന്നറിയിപ്പ്

ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നത്. സോഷ്യൽ മീഡിയയ്ക് എതിരെ കമ്മീഷൻ്റെ പ്രത്യേക മുന്നറിയിപ്പുമുണ്ട്. വിമർശനം ആവാം വ്യാജ വാർത്തകൾക്ക് എതിരെ നടപടിയെടുക്കും എന്നാണ് മുന്നറിയിപ്പ്. വോട്ടർമാർക്ക് പരാതി നൽകാൻ 1950 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കും.

നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.

തെരഞ്ഞെടുപ്പ് കമീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക്കമ്മീഷന്‍ കടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍  രാജീവ് കുമാറിന്റെ അധ്യക്ഷതയില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ കമ്മീഷണര്‍മാര്‍ പങ്കെടുത്തിരുന്നു. ഇതോടെ തീയതിയില്‍ ധാരണയായതോടെ ശനിയാഴ്ച തന്നെ പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മുഖ്യ കമീഷണര്‍ രാജീവ് കുമാറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈ മാസം ഏഴിന് രാജിവെച്ച അരുണ്‍ ഗോയലിന്റെയും കഴിഞ്ഞമാസം വിരമിച്ച അനൂപ് ചന്ദ്ര പാണ്ഡെയുടെയും ഒഴിവുകളിലാണ് ഇവര്‍ എത്തിയത്. ഇരുവരും 1988 ബാച്ച് റിട്ട. ഐ.എ.എസ് ഓഫീസര്‍മാരാണ്.

Comments
Spread the News