ശബരിമല സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആലോചിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ടാകും ഇത് സംമ്പന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവിൽ തീർത്ഥാടനത്തിനുള്ള എല്ലാം ഒരുക്കങ്ങളും പൂർത്തിയായി. ചെറിയ ചില പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. അത് ഒന്ന് രണ്ട് ദിവസത്തിനകം പരിഹരിക്കും. സന്നിധാനത്ത് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
നിരവധി തവണ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നല്ല നിലയിൽ നടപ്പാക്കാൻ സാധിച്ചു. അതിനാൽ തന്നെ മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. മാധ്യമങ്ങൾ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. എന്നാൽ ശബരിമലയെ സംബന്ധിച്ച് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകത്തിന് നൽകേണ്ടത്. ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും ആവശ്യമായ സന്ദേശമാണത് .അതിന് എല്ലാ മാധ്യമങ്ങളും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
തീർഥാടകർക്ക് കാനനപാതയിലൂടെ വരാനും എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ട് കൂടുതൽ വനം വകുപ്പ് ജീവനക്കാരെയും എലിഫൻറ് സ്ക്വാഡ് അടക്കം പാതകളിൽ നിയോഗിച്ചിട്ടുണ്ട്. അടിയന്തര വൈദ്യ സഹായത്തിന് ഇഎംസി സെൻററുകളും സജ്ജീകരിച്ചു. കൂടുതൽ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരേയും നിയമിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവ യഥേഷ്ടം സ്റ്റോക്കുണ്ട്. അരവണ 21 ലക്ഷത്തോളവും അപ്പം മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളവും സ്റ്റോക്കുണ്ട്. ഇക്കാര്യത്തിൽ ഒരു കുറവും ഉണ്ടാകില്ല.
ഹോട്ടലുകൾ നിശ്ചയിച്ച വില തന്നെ ഈ ടാക്കുന്നു എന്ന് ഉറപ്പുവരുത്താൻ ലീഗൽ മെട്രോളജി വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. തീർഥാടകർക്ക് കാണുന്ന വിധത്തിൽ വിവിധ ഭാഷകളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കണം. വിഷാംശം കലർന്നെന്ന നിലയിൽ മാറ്റിവയ്ക്കപ്പെട്ട അരവണ ഏതുവിധത്തിൽ മാറ്റണമെന്ന് സംബന്ധിച്ച് വിവിധ കമ്പനികളുമായി കൂടിയാലോചന നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മെമ്പർമാരായ ജി സുന്ദരേശൻ, അഡ്വ. എ അജി, എം എൽ എമാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.