ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.

തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും. കർണാടക മുതൽ കന്യാകുമാരി തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി.

ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് തുലാമഴ എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം കണക്കാക്കുന്നത്. തമിഴ്നാട്ടിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാമഴയിലാണ് ആകെ മഴയുടെ പകുതിയിലേറെയും കിട്ടുന്നത്. കേരളത്തിൽ വാർഷിക മഴയുടെ ഏകദേശം 30 ശതമാനം തുലാമഴക്കാലത്താണ് പെയ്തിറങ്ങുന്നത്.

Comments
Spread the News